മാധ്യമസ്ഥാപനങ്ങൾക്കെതിരെ ‘നിരോധന’ ഉത്തരവ് നേടിയെടുത്ത് ദേവഗൗഡയും കുമാരസ്വാമിയും

MTV News 0
Share:
MTV News Kerala

മാധ്യമങ്ങൾ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ തന്റെയോ മകൻ കുമാരസ്വാമിയുടെയോ പേര് പരാമർശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയിൽ നിന്ന് വാങ്ങിയെടുത്ത് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകൾ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ഹർജി അനുവദിച്ച് ബെംഗളുരു സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇതിനിടെ, പ്രജ്വലിനെതിരായ കേസുകളിൽ പരാതി നൽകാൻ ഇരകൾക്കായി കർണാടക പൊലീസ് ഹെൽപ് ലൈൻ തുറന്നു.
ദേവഗൗഡയും കുമാരസ്വാമിയും ഗൂഗിൾ, മെറ്റ, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ, മറ്റ് 86 മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് എതിരെയാണ് നിരോധന ഉത്തരവ് വാങ്ങിയെടുത്തിരിക്കുന്നത്. ഇതോടെ ഫലത്തിൽ പ്രജ്വൽ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഒരു മാധ്യമങ്ങൾക്കും വ്യക്തികൾക്കും ഇരുവർക്കുമെതിരെയുള്ള ഒരു പരാമർശവും റിപ്പോർട്ട് ചെയ്യാനാകില്ല. ആരോപണങ്ങളോ, ഇവർക്കെതിരെയുള്ള പരാമർശങ്ങളോ പ്രസിദ്ധീകരിക്കുകയാണെങ്കിൽ കൂടെ തെളിവുകളുണ്ടാകണം എന്നും ഉത്തരവിലുണ്ട്.
പ്രജ്വൽ രേവണ്ണ സമാനമായ ഉത്തരവാണ് കഴിഞ്ഞ വർഷം ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വരുമെന്നായപ്പോൾ കോടതിയെ സമീപിച്ച് നേടിയെടുത്തത്. ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ട രേവണ്ണയെ പ്രത്യേകാന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തു. നാളെ വോട്ടെടുപ്പ് സമയം കഴിഞ്ഞ ശേഷമേ പ്രജ്വൽ നാട്ടിലെത്തൂ എന്നാണ് സൂചന.