കക്കയം തുറന്നു; അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ സ്വര്‍ഗം, മഴകൊള്ളാന്‍ പോകാം

MTV News 0
Share:
MTV News Kerala

മഴയെത്തുടർന്ന് അടച്ചിട്ട വനംവകുപ്പിന്റെ കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രവും കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഹൈഡൽ ടൂറിസം കേന്ദ്രവും ഞായറാഴ്ച തുറക്കും. കളക്ടർ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനെത്തുടർന്ന് ജൂൺ 24-നാണിവ അടച്ചത്. ജനുവരിയിൽ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് അടച്ചിട്ട ടൂറിസംകേന്ദ്രങ്ങൾ 111 ദിവസത്തിനുശേഷം വീണ്ടും തുറന്നെങ്കിലും കനത്ത മഴയെത്തുടർന്ന് രണ്ടുതവണ അടച്ചിട്ടു.

ട്രെക്കിങ് പാതകൾക്കും ബോട്ടിങ്ങിനും പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ ഡാം സൈറ്റാണ് കക്കയം. ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്നും വിളിക്കാറുണ്ട്. കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശേരി റോഡിൽ യാത്ര ചെയ്താൽ കക്കയത്ത് എത്താം. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ്. കക്കയം ഡാം, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ ജലസംഭരണി, പവർഹൗസ്, കരിയത്താൻ മല, ഉരക്കുഴി വെള്ളച്ചാട്ടം തുടങ്ങി കക്കയം യാത്രയിൽ മുന്നിൽ തെളിയുന്ന കാഴ്ചകൾ നിരവധിയാണ്.

തലയാടാണ് കക്കയത്തോടടുത്ത് കിടക്കുന്ന അത്യാവശ്യം നല്ല ഒരു ടൗൺ. തലയാട് പിന്നിട്ടുകഴിഞ്ഞാൽ കക്കയം ചുരം പാത തുടങ്ങുകയായി. മലയോര മേഖലയിലെ വളഞ്ഞുപുളഞ്ഞുള്ള ചുരം പാതയിലൂടെയുള്ള യാത്ര തികച്ചും വേറിട്ട അനുഭവമാണ്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിൽ നിന്ന് കാൽനടയായി നടന്ന് ഡാമിലെത്താം. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ടും മുളച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. അപൂർവമായ സസ്യ, വന്യജീവി സമ്പത്തിന്റെ കലവറയാണ് മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഈ വനപ്രദേശം. ബോട്ടുയാത്രയ്ക്കിടയിൽ വന്യമൃഗങ്ങളെയും കാണാൻ സാധിക്കും.

കക്കയത്തെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവമേഖലകളിൽ ഒന്നായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അംഗീകരിച്ചിട്ടുണ്ട്. മഴക്കാലമാണ് കക്കയം യാത്ര ഏറ്റവും മനോഹരമാവുക. ഡാം സൈറ്റിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ നടന്നാൽ ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. കോവിഡ് കാലത്ത് ഇവിടത്തെ ആൾത്തിരക്ക് അൽപം കുറഞ്ഞുവെങ്കിലും ഇപ്പോൾ നിരവധി സഞ്ചാരികൾ കക്കയത്ത് എത്താറുണ്ട്.