കരുവന്നൂർ തട്ടിപ്പ്; ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു, പ്രതികളുടെ ജയിൽ മാറ്റത്തിൽ പരാതിയുമായി ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എസ്പി കെഎം ആന്റണിയെയും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസിനെയും ഇഡി ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിയോടെ ഇരുവരും കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. അതേസമയം കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികളുടെ ജയിൽ മാറ്റത്തിൽ പരാതിയുമായി ഇഡി. കോടതിയെയും ഇഡിയെയും അറിയിക്കാതെ നാല് പ്രതികളെയും ഒരേ ജയിലിൽ പ്രവേശിപ്പിച്ചെന്നാണ് പരാതി.
മുൻ എസ്പി കെ എം ആന്റണിയെയും ഡിവൈഎസ്പി ഫേമസ് വർഗീസിനെയും കഴിഞ്ഞ മാസം 29ന് ഇഡി ചോദ്യം ചെയ്തിരുന്നു. അരവിന്ദാക്ഷനെയും സതീഷ് കുമാറിനെയും അറിയില്ലെന്നായിരുന്നു അന്ന് ഫേമസ് വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കെഎം ആന്റണിക്കും ഫേമസ് വർഗീസിനും സതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ട് എന്നതിന്റെ തെളിവുകൾ ഇഡിക്ക് ലഭിച്ചതായാണ് സൂചന. അതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികളുടെ ജയിൽ മാറ്റത്തിൽ പരാതിയുമായി ഇഡി രംഗത്ത്. കോടതിയെയും ഇഡിയെയും അറിയിക്കാതെ നാല് പ്രതികളെയും ഒരേ ജയിലിൽ പ്രവേശിപ്പിച്ചു എന്നാണ് പരാതി. പ്രതികളെ ഒരുമിച്ച് ഒരേ ജയിലിൽ അയയ്ക്കരുത് എന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം റിമാൻഡ് ചെയ്ത അരവിന്ദാക്ഷനെയും ജില്സിനെയും സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് അയച്ചിരുന്നു. പ്രതികളെ മാറ്റിയതിനു ശേഷമാണ് ജയിൽ അധികൃതർ കോടതിയെ ജയിൽമാറ്റത്തിന്റെ വിവരം അറിയിച്ചത്. പ്രതികൾ നാലുപേരും നിലവിൽ ജില്ലാ ജയിലിലാണ്. വിഷയത്തിൽ സബ് ജയിൽ സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയും ഇന്ന് ഇഡി ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനോട് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്ക് മുൻപ് എം കെ കണ്ണന്റെയും കുടുംബത്തിന്റെയും സ്വത്തു വിവരങ്ങൾ സംബന്ധിച്ച രേഖകൾ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിക്കണമെന്നാണ് നിർദ്ദേശം. കെ എം ആന്റണിയുടെയും ഫേമസ് വർഗീസിനെയും ചോദ്യം ചെയ്യലിൽ സതീഷ് കുമാറുമായി ബന്ധിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ ഇഡി ശക്തമായ നടപടികളിലേക്ക് കടന്നേക്കും.
© Copyright - MTV News Kerala 2021
View Comments (0)