താനൂർ: മലപ്പുറം ജില്ലയിലെ താനൂരിലും കവര് പൂത്തു. കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കർകണക്കിന് പാടത്താണ് കവര് പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്. ഇതിനു മുമ്പ് എറണാകുളത്തെ കുമ്പളങ്ങിയിലും കവര് പൂത്തിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പലരും കവര് പൂത്തത് കണ്ടിട്ടുണ്ടാവുക. തുടർന്നാണ് മലയാളികൾ ഈ ഒരു പ്രതിഭാസത്തെ കുറിച്ച് അറിയുന്നത്. എന്നാൽ ഇപ്പോഴിതാ മലയാളികൾ നേരിട്ട് കാണുകയാണ് ഈ പ്രതിഭാസം.
രാത്രികളിലാണ് കവരിന്റെ നീലവെളിച്ചം താനൂർ അണിയുന്നത്. ഒരാഴ്‌ചയായി ആയിരക്കണക്കിന് ജനങ്ങളാണ് കവര് പൂത്തത് കാണാനായി രാത്രികാലങ്ങളിൽ കുടുംബസമേതം പാടത്തേയ്ക്കെത്തുന്നത്. പകൽ സമയങ്ങളിൽ ഈ വെളളത്തിന് യാതൊരു പ്രത്യേകതയുമില്ല. എന്നാൽ ഇതേ വെളളമാണ് രാത്രിയിൽ നീലനിറത്തിൽ വെള്ളമായി മാറുന്നത്. വെള്ളം ഇളകുമ്പോഴും കോരി ഒഴിക്കുമ്പോഴും മറ്റും കണ്ണിന് നല്ല കുളിർമയുളള നീലപ്രകാശമാണ് പരക്കുന്നത്. കവര് കാണാനായി രാത്രി മുതൽ പുലരുംവരെ ആളുകൾ എത്താറുണ്ട്. താനൂർ നഗരസഭയും പ്രദേശത്തെ വീട്ടുകാരും ഇത് കാണാനായെത്തുന്ന സന്ദർശകർക്ക് വെളിച്ചമൊരുക്കി ഒപ്പമുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)