ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്

MTV News 0
Share:
MTV News Kerala

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് സമനിലകുരുക്ക്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആൽബിയച്ചും (12ാം മിനിറ്റൽ) ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖിയും (49ാം മിനിറ്റിൽ) ഗോൾ നേടി.   മത്സരത്തിന്‍റെ 12ാം മിനിറ്റിൽ നോർത്ത് ഈസ്റ്റാണ് ആദ്യം ലീഡെടുത്തത്. ജിതിൻ മടത്തിൽ നൽകിയ പന്തുമായി, പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിന്‍റെ മധ്യത്തിലേക്ക് കയറി ആൽബിയാച്ച് തൊടുത്ത ഇടങ്കാലൻ ഷോട്ട് ഗോളിയെയും മറികടന്ന് പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക്. അപ്രതീക്ഷിത ഗോളിൽ സ്റ്റേഡിയം നിശബ്ദമായി. പിന്നാലെ ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു.   14ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ഡെയ്സുക സകായി ബോക്സിന്‍റെ മധ്യത്തിൽനിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിന്‍റെ വലതു ബാറിൽ തട്ടി പുറത്തേക്ക്. 19ാം മിനിറ്റിലും ബോക്സിനു പുറത്തുനിന്ന് നോച്ചാ സിങ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്‍റെ ഇടതു ബാറിൽ തട്ടിപോയി. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒപ്പമെത്തി. 49ാം മിനിറ്റിൽ സെറ്റ് പീസ് നീക്കത്തിനൊടുവിൽ അഡ്രിയാൻ ലൂണ നൽകിയ ക്രോസ് ബോക്സിന്‍റെ മധ്യത്തിൽനിന്ന് കിടിലൻ ഹെഡ്ഡറിലൂടെ ഡാനിഷ് വലയിലാക്കി.   83, 84 മിനിറ്റുകളിൽ ഇഷാൻ പണ്ഡിതക്ക് ബോക്സിനുള്ളിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 85ാം മിനിറ്റിൽ കെ.പി. രാഹുൽ പകരക്കാരനായി കളത്തിലിറങ്ങി. വിജയ ഗോളിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുടീമും സമനിലയിൽ പിരിഞ്ഞു. ഹോം ഗ്രൗണ്ട് മത്സരത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്താമെന്ന ബ്ലാസ്റ്റേഴസ് മോഹത്തിന് തിരിച്ചടി.  മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിലെ കൈയാങ്കളിയുടെ പേരിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്, റൈറ്റ് ബാക്ക് പ്രബീർ ദാസ് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.   മുംബൈ സിറ്റിക്കെതിരായി നടന്ന മത്സരത്തിൽ തോളിന് പരിക്കേറ്റ ജീക്സൺ സിങ്ങും പുറത്തിരുന്നു. ആദ്യ രണ്ട് ഹോം മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ എവോ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിക്ക് മുന്നിൽ അടിയറപറഞ്ഞു.   സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് യുനൈറ്റഡ് അടുത്ത മത്സരത്തിൽ പൂർവാധികം കരുത്തോടെ ഏകപക്ഷീയമായ മൂന്നു ഗോളിന് ചെന്നൈയിൻ എഫ്.സിയെ നിലംപരിശാക്കിയിരുന്നു. ഏറ്റവുമൊടുവിൽ പഞ്ചാബ് എഫ്.സിയുമായി നടന്ന മത്സരത്തിൽ ഇരുടീമും ഓരോ ഗോൾ നേടി സമനില നേടി.