തന്ത്രം മെനിയാൻ ‘ആശാന്‍’ തിരിച്ചെത്തുന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും
കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. പത്ത് മത്സരങ്ങളുടെ വിലക്ക് പൂര്‍ത്തിയാക്കിയാണ് ‘ആശാന്‍’ മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. വൈകിട്ട് എട്ട് മണിക്കാണ് മത്സരം.
അവസാന രണ്ടു മത്സരങ്ങളില്‍ വിജയമറിയാത്തതിന്റെ ക്ഷീണം തീര്‍ത്ത് തകര്‍പ്പന്‍ തിരിച്ചുവരവിനാകും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശ്രമിക്കുക. എന്നാല്‍ താരങ്ങളുടെ പരിക്കും സസ്‌പെന്‍ഷനും ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാകില്ല. പരിക്കേറ്റ മാര്‍കോ ലെസ്‌കോവിച്ച്, ഐബാന്‍ ഡോഹ്‌ലിങ്, ജീക്‌സണ്‍ സിങ് എന്നിവര്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇല്ല. സസ്‌പെന്‍ഷനിലുള്ള പ്രബീര്‍ദാസ്, മിലോസ് സിട്രിച്ച് എന്നിവരും ഒഡീഷയ്‌ക്കെതിരെ ഇറങ്ങില്ല.
എന്നാലും കോച്ച് ഇവാന്‍ ഡഗ്ഔട്ടില്‍ തിരികെയെത്തുന്നു എന്നത് ടീമിന് വലിയ ഊര്‍ജം പകരും. കഴിഞ്ഞ സീസണിലെ ബെംഗളൂരുവിനെതിരായ പ്ലേ ഓഫിലാണ് ഇവാന്‍ അവസാനമായി ടീമിനൊപ്പം സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ തിളങ്ങിയ ദിമിത്രിയോ ഡയമന്റകോസിലും പുതിയ സൈനിങ്ങായ ക്വാമ പെപ്രയിലുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍. നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.
എഎഫ്‌സി കപ്പില്‍ മാലിദ്വീപ് ക്ലബ്ബിനെ ഗോള്‍ മഴയില്‍ മുക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഒഡീഷ ഇന്ന് ഇറങ്ങുന്നത്. ഐഎസ്എല്ലില്‍ അത്യാക്രമണ ശൈലി അവതരിപ്പിച്ച സെര്‍ജിയോ ലൊബേറ എന്ന കോച്ചാണ് ഒഡീഷയുടെ കരുത്ത്. ബ്രസീല്‍ താരം ഡീഗോ മൗറീഷ്യോയാണ് ടീമിന്റെ കുന്തമുന. താരത്തിനൊപ്പം ഗോളടിക്കാരന്‍ റോയ് കൃഷ്ണയും കൂടി ചേരുമ്പോള്‍ ഒഡീഷയുടെ മുന്നേറ്റനിര കൂടുതല്‍ അപകടകരമാകും. പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് ഒഡീഷ എഫ്‌സി.
© Copyright - MTV News Kerala 2021
View Comments (0)