ഷില്ലോങ്‌ ലജോങ്‌ എഫ്‌.സിക്കെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സിക്ക്‌ ഉജ്വല ജയം

MTV News 0
Share:
MTV News Kerala

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ ഷില്ലോങ്‌ ലജോങ്‌ എഫ്‌.സിക്കെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സിക്ക്‌ ഉജ്വല ജയം. കലിംഗ സ്‌റ്റേഡിയം പിച്ച്‌ വണ്ണില്‍ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന്‌ ഗോളുകള്‍ക്കാണു ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്‌.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ക്ലബായ ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ്‌ ടീമായ ഷില്ലോങ്‌ ലജോങും തമ്മില്‍ ആദ്യമായാണ്‌ ഏറ്റുമുട്ടുന്നത്‌.
ക്വാമി പെപ്രയുടെ ഇരട്ട ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ജയത്തില്‍ നിര്‍ണായകമായി. മുഹമ്മദ്‌ അയ്‌മന്‍ ഒരു ഗോളുമടിച്ചു. റെനാന്‍ പൗളീഞ്ഞോയാണ്‌ ഷില്ലോങ്ങിനായി ഗോളടിച്ചത്‌. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളടിച്ചു. ലജോങ്‌ പ്രതിരോധക്കാരെ ഞെട്ടിച്ചു ദിമിത്രിയോസ്‌ ഡയമന്റക്കോസ്‌ നടത്തിയ മുന്നേറ്റമാണു ഗോളില്‍ അവസാനിച്ചത്‌. ഡയമന്റക്കോസ്‌ എത്തിച്ചു നല്‍കിയ പന്തിനെ പെപ്ര മിന്നല്‍ വേഗത്തില്‍ വലയിലാക്കി. പെപ്രയുടെക്ല ബിനു വേണ്ടിയുള്ള ആദ്യ ഗോളാണിത്‌.
ബ്ലാസ്‌റ്റേഴ്‌സിന്റെ തുടരന്‍ മുന്നേറ്റങ്ങളെ ലജോങ്‌ കോര്‍ണറുകള്‍ വഴങ്ങി രക്ഷപ്പെടുത്തി. 18-ാം മിനിറ്റിലാണ്‌ ലജോങ്‌ ആദ്യ കോര്‍ണര്‍ നേടിയത്‌. കിക്കെടുത്ത ഡഗ്‌ളസിന്റെ ഇടംകാലന്‍ ഷോട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ്‌ തകര്‍പ്പന്‍ സേവിലൂടെ വിഫലമാക്കി. 26-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ്‌ ഇരട്ടിയാക്കി. പ്രഭീര്‍ ദാസിന്റെ ക്രോസിനെ നെഞ്ചു കൊണ്ടു തടുത്ത പെപ്ര കണ്ണടയ്‌ക്കും മുമ്പ്‌ വലയിലാക്കി.
29-ാം മിനിറ്റില്‍ സച്ചിന്‍ സുരേഷ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വില്ലനായി. ബോക്‌സിലേക്കു പന്തുമായി കയറി വന്ന സ്‌ട്രൈക്കര്‍ കരിമിനെ സച്ചിന്‍ വീഴ്‌ത്തി. സച്ചിന്റെ ഫൗളിനു റഫറി പെനാല്‍റ്റി കിക്ക്‌ വിധിച്ചു. കിക്കെടുത്ത ലജോങ്‌ നായകന്‍ റെനാന്‍ പൗലീഞ്ഞോയ്‌ക്കു പിഴച്ചില്ല. പന്ത്‌ ഡൈവ്‌ ചെയ്‌ത സച്ചിനെ മറികടന്ന്‌ വലയിലേക്ക്‌. തുടരെ കോര്‍ണറുകള്‍ നേടിയെങ്കിലും മുതലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കരിം ഓഫ്‌ സൈഡില്‍ കുരുങ്ങിയത്‌ ബ്ലാസ്‌റ്റേഴ്‌സിനു ഭാഗ്യമായി. അവസാന മിനിറ്റില്‍ കരിമിന്റെ ഗോളെന്നുറച്ച ഷോട്ട്‌ സച്ചിന്‍ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലെ ഒന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും ഗോളടിച്ചു. ദെയ്‌സുകെ സകായുടെ വലതു വശത്തു നിന്നുള്ള ക്രോസിനെ മുഹമ്മദ്‌ അയ്‌മന്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളാക്കി. ഇരു ടീമുകളും തുടര്‍ന്ന്‌ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വീണില്ല.