സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഇന്ന് പൂര്‍ണമായും മുടങ്ങാന്‍ സാധ്യത
തിരുവനന്തപുരം | ആവശ്യമായ വാക്‌സിനുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങാന്‍ സാധ്യത. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ ഇന്ന് വാക്‌സിനേഷനുണ്ടാകില്ലെന്നാണ് വിവരം.
സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നല്‍കിയവയും തീര്‍ന്നു. ഇന്ന് നല്‍കാന്‍ വാക്‌സിനില്ല. അവശേഷിച്ചകൊവാക്‌സിന്‍ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്‌സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്നലെ വാക്‌സിനേഷന്‍ പൂര്‍ണമായി മുടങ്ങാതിരുന്നത്. ഇന്നലത്തോടെ ഇത് തീര്‍ന്നു. ചില ജില്ലകളില്‍ മാത്രം നാമമാത്ര കൊവാക്‌സിന്‍ ബാക്കിയുണ്ട്. കണ്ണൂരില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു വാക്‌സിനേഷന്‍ കേന്ദ്രം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. രണ്ടാം ഡോസുകാര്‍ക്ക് മാത്രമാണ് കാസര്‍കോട് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. ഉള്ള സ്റ്റോക്കില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കി.
അതേസമയം എറണാകുളം മേഖലാകേന്ദ്രത്തിലേക്ക് രണ്ട് ലക്ഷവും കോഴിക്കോട് മേഖലയിലേക്ക് നാല് ലക്ഷവും ഡോസ് വാക്‌സിന്‍ ഇന്ന് എത്തുമെന്ന് അനൗദ്യോഗിക വിവരമുണ്ട്. ഇത്തരത്തില്‍ ഒരു ഉറപ്പ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി ഇടത് എം പി എളമരം കരീം വ്യക്തമാക്കിയിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)