ഐ.എസ്.എല്‍. ഫുട്ബോള്‍ പ്ലേ ഓഫില്‍ ബംഗളുരു എഫ്.സിക്കെതിരായ മത്സരത്തിനിടെ ടീമിനെ കളത്തില്‍ നിന്നു പിന്‍വലിച്ച സംഭവത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാന് വുകുമനോവിച്ചിനുമെതിരേ കടുത്ത നടപടിയുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്.
വുകുമനോവിച്ചിനു അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളില്‍ നിന്നു വിലക്കും ഏര്‍പ്പെടുത്തിയ എഐഎഫ്എഫ് കേരളാ ബ്ലാസ്റ്റേഴ്സിനു നാലു കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. കൂടാതെ സംഭവത്തില്‍ പരസ്യമായി മാപ്പു പറയാനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാപ്പ് പറയാന്‍ കൂട്ടാക്കാത്ത പക്ഷം രണ്ടു കോടി രൂപ കൂടി അധികമായി പിഴ ഈടാക്കണമെന്നും എഐഎഫ്എഫ് ഔദ്യോഗികമായി അറിയിച്ചു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ 9.1.2 വകുപ്പ് പ്രകാരമാണ് ബ്ലാസ്റ്റേഴ്സിനും വുകുമനോവിച്ചിനുമെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഐ.എസ്.എല്‍ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ബംഗളുരു എഫ്.സിക്കെതിരേ മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ പിന്‍വലിച്ചതിനാണ് നടപടി. അന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ ബംഗളുരു എഫ്.സി. ഗോള്‍ നേടിയതിനു പിന്നാലെയാണ് ഗോളില്‍ പ്രതിഷേധിച്ച് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്.വിലക്ക് വന്നതോടെ അടുത്താഴ്ച ആരംഭിക്കുന്ന സൂപ്പര്‍ കപ്പ് പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം വുകുമനോവിച്ചിന് കളത്തിലിറങ്ങാനാകില്ല. ഐ.എസ്.എല്ലിലെ അപ്രതീക്ഷിത തോല്‍വിക്ക് സൂപ്പര്‍ കപ്പിലൂടെ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഈ നടപടി കനത്ത തിരിച്ചടിയാകുമെന്നു തീര്‍ച്ചയാണ്.
© Copyright - MTV News Kerala 2021
View Comments (0)