കേന്ദ്രാനുമതി കിട്ടിയാൽ ഏപ്രിലിൽ കെ-ഫ്ലൈറ്റ്, ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ വിമാനസർവീസുകൾ

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം:പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കമ്പനികളെ നിലയ്ക്കു നിറുത്താൻ, ഏപ്രിൽ രണ്ടാംവാരം മുതൽ ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ ചാർട്ടർ വിമാന സർവീസുകൾക്ക് (കെ- ഫ്ലൈറ്റ്) സംസ്ഥാന സർക്കാർ കേന്ദ്രാനുമതി തേടി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ 175 സീറ്റുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യും. നിലവിലുള്ളതിന്റെ പകുതിയിൽ താഴെയാവും നിരക്ക്.

ഇന്ത്യയിലും പുറത്തുമുള്ള വിമാനക്കമ്പനികളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുത്താകും സർവീസ്. ഇതിനൊപ്പം സർക്കാരിനുവേണ്ടി ഇന്ത്യൻ, വിദേശ വിമാനക്കമ്പനികളുടെ അധിക സർവീസിനും അനുമതി തേടി. നിരക്ക് സർക്കാർ നിശ്ചയിക്കും. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് 18,000മുതൽ 48,000വരെയാണ് ടിക്കറ്റ് നിരക്ക്. വിഷു, പെരുന്നാൾ, ഈസ്റ്റർ കാലത്ത് കുത്തനേ കൂട്ടും. സാധാരണക്കാരായ പ്രവാസികൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമാണ്. തുടർന്നാണ് ഉത്സവ, അവധിക്കാലത്തേക്കായി സംസ്ഥാനത്തിന്റെ നീക്കം.

നോർക്കയുടെ ആഭിമുഖ്യത്തിൽ വിമാനക്കമ്പനികൾ, ചാർട്ടേർഡ് ഓപ്പറേറ്റർമാർ, നെടുമ്പാശേരി വിമാനത്താവളം, പ്രവാസി സംഘടനകൾ എന്നിവ സംയുക്തമായാണ് ഒരുക്കങ്ങൾ നടത്തുന്നത്. പദ്ധതിക്കായി 15കോടിയുടെ കോർപ്പസ് ഫണ്ട് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.നിരക്ക് കുറയ്ക്കാൻ സർക്കാർ നിയന്ത്രണത്തിലുള്ള കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ ലാൻഡിംഗ് ഫീസ്, പാർക്കിംഗ് ഫീസ്, യൂസർ ഫീസ് എന്നിവയിൽ ഇളവുനൽകും. വലിയവിമാനങ്ങൾക്ക് ഒന്നേകാൽലക്ഷമാണ് ലാൻഡിംഗ് ഫീസ്. ചാർട്ടർ സർവീസുകൾക്ക് മുഴുവൻ സീറ്റിനും പണം മുൻകൂറായി നൽകണം. സർക്കാർ നടത്തുന്നതായതിനാൽ സർക്കാർ ഗാരന്റി മതി.

യാത്രക്കാരെ ഉറപ്പാക്കേണ്ടത് നോർക്കയാണ്. സീറ്റ് കാലിയായിക്കിടന്നാലും വിമാനക്കമ്പനിക്ക് പണം നൽകണം. ഈ നഷ്ടം സഹിക്കാനാണ് കോർപ്പസ് ഫണ്ട്. യാത്രക്കാർ തികയാതിരുന്നാലും സർവീസ് നടത്താനുള്ള അണ്ടർ റൈറ്റിംഗ് ഫണ്ടായും ഇതുപയോഗിക്കാം.

വിമാനക്കമ്പനികളുടെ ടിക്കറ്റ്കൊള്ളയിൽ ഒന്നുംചെയ്യാനാവില്ലെന്നാണ് കേന്ദ്രനിലപാട്. സീസണൽ വ്യവസായമായതിനാൽ ഉത്സവകാലത്ത് നിരക്കുയരുകയും വർഷകാലത്ത് താഴുകയും ചെയ്യുമെന്നും കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നുമാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ പറഞ്ഞത്.

ഗൾഫിൽ നിന്ന് രണ്ടുമാസത്തിനിടെ മൂന്നിരട്ടിയാണ് നിരക്കുയർന്നതെന്ന്മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. നിരക്ക് കുറയ്ക്കാനുള്ള സർക്കാരിന്റെ ആവശ്യത്തോട് വിമാനക്കമ്പനികൾക്ക് അനുകൂല പ്രതികരണമല്ല. താഴ്‌ന്ന വരുമാനമുള്ള തൊഴിലാളികൾക്കായി ചാർട്ടർ, അധിക സർവീസുകൾക്ക് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടാംവാരം മുതൽ സർക്കാർ ബുക്കുചെയ്യുന്ന സർവീസുകൾക്ക് അനുമതിനൽകാൻ വ്യോമയാന മന്ത്രാലയത്തോട് നിർദ്ദേശിക്കണം.