കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു. തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ വിമാനമാർഗം കൊടുത്തയച്ച സാമ്പിളുകൾ പരിശോധിച്ച് ഇന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചത്.
ജനുവരി ആറ് മുതൽ പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് ശ്രദ്ധയിൽപെട്ടിരുന്നു. മരണപ്പെട്ട കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനക്ക് അയച്ചു. ന്യൂമോണിയയുടെ ലക്ഷണം കണ്ട കോഴികൾക്ക് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് വർധിച്ചതോടെ കണ്ണൂർ ആർ.ഡി.ഡി.എൽ, തിരുവല്ല എ.ഡി.ഡി.എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധന നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാലാണ് കൃത്യമായ രോഗ നിർണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ അയച്ചത്.
5000ല്‍ പരം കോഴികളുള്ള ഫാമില്‍ നിലവിൽ 1800 എണ്ണം മരണപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസ്, എ.ഡി.ജി.പി വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതായി മന്ത്രി അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)