കുന്ദമംഗലം ടൗണിന് ആശ്വാസമായി പെരിങ്ങൊളം ജംഗ്ഷന്‍ സ്മാര്‍ട്ടാവുന്നു .
കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച സമാന്തര റോഡുകളുടെ കേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷന്‍ വീതിക്കൂട്ടി നവീകരിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്കില്‍ താമരശ്ശേരി റോഡ്, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്, ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡ് എന്നിവയുടെ സംഗമ കേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷനില്‍ ആവശ്യമായ വീതിയില്ലാത്തത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.
പെരിങ്ങൊളം അങ്ങാടിയില്‍ ജംഗ്ഷന്‍ വീതിക്കൂട്ടുന്നതിന് തടസമായി നിന്നിരുന്ന കൂറ്റന്‍ ആല്‍മരം മുറിച്ചു നീക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ച് വരികയാണ്. ഇവിടെ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇപ്പോള്‍ 5.51 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡിന്‍റെ നവീകരണം പൂര്‍ത്തിയാവുന്നതോടെ മുക്കം ഭാഗത്ത് നിന്ന് കോഴിക്കോട് ടൗണിലേക്ക് പോവുന്ന മുഴുവന്‍ വാഹനങ്ങളും ഈ റോഡ് വഴി തിരിച്ചുവിടുന്നതിന് സംവിധാനമേര്‍പ്പെടുത്തും. താമരശ്ശേരി ഭാഗത്ത് നിന്ന് പിലാശ്ശേരി വഴി വരുന്ന വാഹനങ്ങള്‍ കുന്ദമംഗലം ടൗണില്‍ പ്രവേശിക്കാതെ പെരിങ്ങൊളം ജംഗ്ഷന്‍ വഴിയാണ് ഇപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത്. സമാന്തര റോഡുകളുടെ വികസനത്തിലൂടെ കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവൃത്തികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.ഇത്തവണ സംസ്ഥാന ബഡ്ജറ്റില്‍ കുന്ദമംഗലം മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്നും പെരിങ്ങൊളം ജംഗ്ഷന്‍ നവീകരണത്തിനുള്ള 1 കോടി രൂപക്ക് പുറമെ ചാത്തമംഗലം ചെട്ടിക്കടവ് റോഡ് – 3 കോടി, ചാത്തമംഗലം കൂഴക്കോട് വെള്ളന്നൂര്‍ കണ്ണിപറമ്പ് റോഡ് – 3.5 കോടി, പന്തീരങ്കാവ് മണക്കടവ് റോഡിന്‍റെ ബാക്കി പ്രവൃത്തി – 2.5 കോടി എന്നീ പ്രവൃത്തികള്‍ ഭരണാനുമതി നല്‍കുന്നതിനുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി തീരുമാനമായിട്ടുണ്ടെന്നും ടോക്കണ്‍ പ്രൊവിഷന്‍ നല്‍കി പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവക്കുള്ള മണ്ഡലത്തിലെ ഇതര പദ്ധതികളും ഉള്‍കൊള്ളിച്ചിട്ടുണ്ടെന്നും പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)