കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തൂപ്പുകാരി (പി ടി സി എം ) തസ്തികയിലേക്ക് നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കൾ .
പ്രീ- പ്രൈമറി വിഭാഗത്തിലുൾപ്പടെ നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ശുചീകരണ പ്രവൃത്തികൾക്കും കൊച്ചു കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനും ചുമതലക്കാരില്ലാതെയാണ് കഴിഞ്ഞ അക്കാദമിക വർഷം കടന്നുപോയത്.
ഇക്കഴിഞ്ഞ മാർച്ച് മാസം ജില്ലയിലെ വിവിധ സ്കൂളുകളിൽ പിടിസിഎം നിയമനം നടന്നെങ്കിലും ഈ വിദ്യാലയത്തെ തഴയുകയായിരുന്നു.ഒഴിവു ദിനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് അനിവാര്യമായ ശുചീകരണ പ്രവൃത്തികൾ ചെയ്തിരുന്നത്. വേനലവധിക്കാലത്ത് ഗ്രാമപഞ്ചായത്ത് അനുവദിച്ച ക്ലാസ് മുറികളുടെ നിർമാണം നടക്കുന്നതിനാൽ സ്കൂൾ പരിസരം പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ശുചീകരണത്തിന് സ്ഥിരം സംവിധാനമില്ലാതെ ഏറെ പ്രയാസപ്പെടുകയാണ് ഈ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും. പ്രശ്ന പരിഹാരത്തിനായി നിരവധി തവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു ഫലവും ഇത് വരെ ഉണ്ടായിട്ടില്ല.
ഈ ഘട്ടത്തിലാണ് പി ടി എ – എസ് എം സി – മാതൃസമിതി സംയുക്ത യോഗം ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. ശുചീകരണ ജീവനക്കാരിയുടെ നിയമനം ഉടൻ നടക്കാത്ത പക്ഷം പ്രവേശനോത്സവ ദിനത്തിൽ എ ഇ ഒ ഓഫീസ് മാർച്ച് ഉൾപ്പടെയുള്ള വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വിവി നൗഷാദ് , പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ ,പി കെ ശിഹാബ്, എ കെ ഫിർദൗസ്, കെ ഷമിന , എ കെ ഹാരിസ് അഹമ്മദ്, റബീല , സിറാജുന്നീസ, ടി റസിയ, സബിത അമീൻ, സി ശമീർ , കെ എം സാബിറ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസി. സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)