കൂളിമാട് പാലം തകർച്ച:ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി,രണ്ടുപേർക്ക് സ്ഥലംമാറ്റം

MTV News 0
Share:
MTV News Kerala

കോഴിക്കോട് : കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി.

മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്നു ബീമുകൾ തകർന്നു വീണത്. തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രണ്ടു ഉദ്യോഗസ്ഥർ കുറ്റക്കാർ എന്ന് കണ്ടെത്തി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാകുമാരി, അസിസ്റ്റൻറ് എൻജിനീയർ മുഹ്സിൻ അമീൻ എന്നിവർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയെങ്കിലും നടപടി വൈകുകയായിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കാത്തതും, ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലയേൽപ്പിച്ചതും ചർച്ചയായിരുന്നു.

ഇതിന് തൊട്ടുപുറകേയാണ് അഞ്ച് ദിവസം മുമ്പ്, റോഡ് ഫണ്ട് ബോർഡിലെ ഇരുവരുടെയും ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. അനിതകുമാരിയെ ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനറായും മുഹസിന് പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ ആയി കൊണ്ടോട്ടിയിലും ആണ് പുതിയ നിയമനം. എന്നാൽ ഏറെ ആരോപണങ്ങൾ കേട്ട അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജുവിനെതിരെ നിലവിൽ നടപടിയെടുത്തിട്ടില്ല. രണ്ട് ജില്ലകളിലായി 30ഓളം പ്രവ‍ൃത്തികളുടെ മേൽനോട്ടം ഈ ഉദ്യോഗസ്ഥന് നൽകുകയും ചെയ്തിട്ടുണ്ട്.