വടകര : ചെരണ്ടത്തൂർ മൂഴിക്കൽ ഐ.എച്ച്.ഡി.പി. കോളനിയിൽ വീടിന്റെ ടെറസിനു മുകളിൽ സ്‌ഫോടനമുണ്ടായത് പടക്കങ്ങളിൽനിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിർമിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ബോംബ് നിർമാണമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് സംശയിക്കുന്നു. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ സ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചു.
പൊട്ടാത്ത രണ്ടു വലിയ ഓലപ്പടക്കങ്ങൾ, അഴിച്ചെടുത്ത ഓലയുടെ അവശിഷ്ടങ്ങൾ, പുതിയത് കെട്ടാനായി കൊണ്ടുവന്ന ചാക്കുനൂലുകൾ, കരിമരുന്നിന്റെ അവശിഷ്ടം തുടങ്ങിയവയാണ് കിട്ടിയത്. കൂടാതെ സ്ഫോടകവസ്തു നിർമിക്കുമ്പോൾ സംരക്ഷണകവചമായി ഒരു മരക്കഷണം ഉപയോഗിച്ചതായും സൂചനയുണ്ട്. തകർന്നതും രക്തക്കറയുള്ളതുമായ മരക്കഷണം വീടിന്റെ മുറ്റത്തുനിന്നും കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് ഉഗ്രശബ്ദത്തോടെ മീത്തലെ മൂഴിക്കൽ ബാലന്റെ വീട്ടിൽ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിൽ ബാലന്റെ മകൻ മണിക്കുട്ടൻ എന്ന ഹരിപ്രസാദിന്റെ (28) കൈപ്പത്തികൾ തകർന്നിരുന്നു. അപകടകരമായ വിധത്തിൽ സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിനും സ്‌ഫോടനത്തിനും വടകര പോലീസ് കേസെടുത്തിട്ടുണ്ട്. ഹരിപ്രസാദ് മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.
ഇയാളിൽനിന്ന് മൊഴിയെടുത്തശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.
രാത്രിതന്നെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരെല്ലാം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിദഗ്ധരും ബോംബ്-ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ്, വടകര ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെറീഫ്, വടകര എസ്.ഐ. എം. നിജീഷ് എന്നിവരും സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. വീടും പരിസരപ്രദേശങ്ങളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചു. ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകനായ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ബോംബ് നിർമാണമാണ് നടന്നതെന്ന ആരോപണവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്
© Copyright - MTV News Kerala 2021
View Comments (0)