വയലില്‍ ചൂതാട്ടം, പിടികൂടാനെത്തിയ പോലീസിന് നേരേ ആക്രമണം; സി.പി.ഒ.യ്ക്ക് കുത്തേറ്റു
എടച്ചേരി(കോഴിക്കോട്): ഉത്സവപ്പറമ്പിന് സമീപം ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമണം. എടച്ചേരി സ്റ്റേഷനിൽ ജോലിചെയ്യുന്ന എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ നടുവണ്ണൂർ സ്വദേശി യു.വി. അഖിലേഷി(33)ന് ആക്രമണത്തിനിടെ കുത്തേറ്റു. തുടയ്ക്ക് സാരമായി പരിക്കേറ്റ അഖിലേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ ആളുൾപ്പെടെ അഞ്ചുപേർക്കെതിരേ കേസെടുത്തു. കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവപ്പറമ്പിനു സമീപം ചൂതാട്ടം നടക്കുന്നതായ വിവരത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി 11.30-ഓടെ എടച്ചേരി എ.എസ്.ഐ. സുദർശനകുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയപ്പോഴാണ് സംഭവം. കരിങ്ങാലിമുക്ക് പാലത്തിന് സമീപമുള്ള വയലിൽവെച്ചായിരുന്നു പണംവെച്ചുള്ള ചീട്ടുകളിയും ചട്ടികളിയും. ആദ്യം പോലീസിനുനേരെ കല്ലേറുണ്ടായി. തുടർന്ന് ഒരാളെ പോലീസ് പിടികൂടിയപ്പോഴാണ് അഖിലേഷിനെ കത്തിയെടുത്ത് കുത്തിയത്. വയറിന് ഏൽക്കേണ്ടിയിരുന്ന കുത്ത് കാലുയർത്തി തടുത്തതിനാൽ തുടയ്ക്കാണ് ഏറ്റത്. ആഴത്തിൽ മുറിവുണ്ട്.
സംഭവത്തിൽ കായപ്പനച്ചി സ്വദേശി ഷൈജുവിന്റെയും കണ്ടാലറിയാവുന്ന നാലാളുടെയും പേരിൽ പോലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കേസ്. ഷൈജുവിനായി തിരച്ചിൽ തുടങ്ങി. മറ്റു കേസുകളിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ചൂതാട്ടം നടത്തുന്ന സംഘത്തിന് സുരക്ഷയൊരുക്കുന്ന സംഘമാണ് അക്രമം നടത്തിയതിനുപിന്നിലെന്നാണ് സൂചന. നാദാപുരം കൺട്രോൾ റൂം ഇൻസ്പെക്ടർ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സംഭവംനടന്ന സ്ഥലത്ത് ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡുമെത്തി തെളിവ് ശേഖരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)