വയോധികയെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ച ശേഷം സ്വർണമാല കവർന്ന സംഭവത്തില്‍ ഡ്രൈവർ പിടിയില്‍.
കോഴിക്കോട്: വയോധികയെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ച ശേഷം സ്വർണമാല കവർന്ന സംഭവത്തില്‍ ഡ്രൈവർ പിടിയില്‍. ജീവകാരുണ്യ പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പിടിയിലായത്.പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ ചോദ്യം ചെയ്യലില്‍ ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിച്ചു.
സ്ഥിരം മദ്യപാനിയായ ഉണ്ണി കൃഷ്ണൻ ജീവകാരുണ്യ പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പിടിക്കപ്പെടില്ലെന്ന ധൈര്യത്തിലായിരുന്നു ഇയാള്‍ നടന്നത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉണ്ണികൃഷ്ണനാണെന്ന് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയനാട് ഇരുളം സ്വദേശിയായ 69കാരി ജോസഫീനയെയാണ് ഉണ്ണികൃഷ്ണൻ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട ശേഷം മാല കവർന്ന് കടന്നുകളഞ്ഞത്. പുലർച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വയോധിക, മഴയായതിനാല്‍ പുതിയ ബസ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോ വിളിക്കുകയായിരുന്നു.
എന്നാൽ അവിടേക്ക് പോകാതെ കോഴിക്കോട് മുതലക്കുളത്ത് എത്തിയശേഷം ഓട്ടോ നിർത്തി ഇവരെ ഒട്ടോയിൽ നിന്നും താഴെയിട്ട് ഓട്ടോ ഓടിച്ച് കടന്നു കളയുകയായിരുന്നു. താടിയെല്ലിന് പരിക്കേറ്റ വയോധിക ഓമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)