മലപ്പുറം: കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്ന് മുതൽ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ 19ന് പ്രഖ്യാപിക്കും. കേസിൽ 21 പ്രതികളാണ് വിചാരണ നേരിട്ടത്.
കൊലപാതകം നടന്ന് 11 വർഷത്തിന് ശേഷത്തിന് ശേഷമാണ് കുനിയിൽ ഇരട്ടകൊല കേസിൽ വിധി വരുന്നത്. 2012 ജൂൺ 10നാണ് കൊളക്കാടൻ അബ്ദുൽ കലാം ആസാദ് (37), സഹോദരൻ അബൂബക്കർ (48) എന്നിവരെ കുനിയിൽ അങ്ങാടിയിൽ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
2012 ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍ ഫുട്‌ബാള്‍ ക്ലബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അത്തീഖ് റഹ്മാൻ വധക്കേസിലെ ആറ് പ്രതികളിൽ രണ്ട് പേരായിരുന്നു കൊളക്കാടൻ സഹോദരന്മാർ. ഇവരെ കൊലപ്പെടുത്താൻ 2012 ഏപ്രിലിൽ ഗൂഢാലോചന നടത്തുകയും ജൂൺ 10ന് കൃത്യം നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
© Copyright - MTV News Kerala 2021
View Comments (0)