ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : മുഖ്യ പ്രതിയുടെ വീടും പറമ്പും കൈവശപ്പെടുത്തി കൊടി കെട്ടി.

MTV News 0
Share:
MTV News Kerala

കുറ്റ്യാടി:ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ നടക്കുന്ന “ഉടമകളുടെ ആസ്തി പിടിച്ചെടുക്കൽ” സമരത്തിന്റെ ഭാഗമായി ഇന്ന് ജ്വല്ലറിയുടെ എം ഡി യും ഒന്നാം പ്രതിയുമായ സമീർ വി പി യുടെ വീടും സ്ഥലവും സമര സഹായ സമിതിക്കാർ കൈവശപ്പെടുത്തി കൊടി കെട്ടി അവകാശം സ്ഥാപിച്ചു. നിക്ഷേപ തട്ടിപ്പിനിരയായ ഇരകൾക്ക് അവരുടെ നിക്ഷേപത്തുകയും സ്വർണ്ണവും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 10 മാസത്തോളമായി സമരം നടത്തുന്ന നിക്ഷേപകർ സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയാണ് ഉടമകളുടെ ആസ്തികൾ പിടിച്ചെടുക്കൽ സമരം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വടയത്തുള്ള ജ്വല്ലറി ഉടമകളുടെ സ്ഥലം കയ്യേറി കൊടി കെട്ടിയിരുന്നു. അതിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് മുഖ്യപ്രതിയായ സമീറിന്റെ വീട് കൈവശപ്പെടുത്തിയത്. ഇനി അടുത്ത ആഴ്ച മറ്റു പ്രതികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സ്ഥലങ്ങളും കയ്യേറി കൊടി കെട്ടുമെന്ന് സമരസഹായ സമിതി നേതാക്കൾ അറിയിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയത്. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ പാർട്ടിക്കാരുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതി നിരവധി തവണ ശ്രമിച്ചെങ്കിലും വിദേശത്തുള്ള പ്രധാനപ്പെട്ട പാർട്ണർമാർ പ്രശ്നപരിഹാരത്തിന് നിസ്സഹകരണം തുടരുന്ന അവസരത്തിലാണ് നിക്ഷേപകർ പുതിയ സമരമാർഗ്ഗം സ്വീകരിച്ചത്. ആസ്തി പിടിച്ചെടുക്കൽ സമരത്തിന് സിപിഐ എം നേതാക്കളായ എ എം റഷീദ്, സുരേഷ് കെ കെ, എം കെ ശശി,ബിജു കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് ഊരത്ത്, എൻ സി കുമാരൻ മാസ്റ്റർ,മുസ്ലിം ലീഗ് നേതാക്കളായ അബു മാസ്റ്റർ, അബ്ദുറഹ്മാൻ, മുഹമ്മദ് ബഷീർ ഇ, ആക്ഷൻ കമ്മറ്റി നേതാക്കളായ സുബൈർ പി കുറ്റ്യാടി, ഷമീമ ഷാജഹാൻ, സീനത്ത് ഹമീദ്, ജമീല പേരോട് എന്നിവർ നേതൃത്വം നൽകി.