വിവാഹശേഷം ലക്ഷ്മിപ്രിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ഭർത്താവ് ജയേഷ്.
വിവാഹശേഷം ലക്ഷ്മിപ്രിയക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഭർത്താവ് ജയേഷ്. സ്വകാര്യ ചാനലിലെ മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയിൽ ഇരുവരും അതിഥിയായെത്തിയപ്പോഴാണ് ജയേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ലക്ഷ്മിപ്രിയ. ഷോയുടെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച മുഖങ്ങളിലൊന്നായിരുന്നു ലക്ഷ്മിപ്രിയയുടേത്. ഫൈനല്‍ ഫൈവിലേക്ക് ലക്ഷ്മിപ്രിയ ഉറപ്പായും എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പല ആരാധകരും.
നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത ലക്ഷ്മിപ്രിയ ഈ മേഖലയിലെ സീനിയര്‍ താരമാണ്. നാടകങ്ങളിലൂടെയാണ് ലക്ഷ്മിപ്രിയ അഭിനയ രംഗത്തേക്കെത്തുന്നത്. മോഹന്‍ലാല്‍ നായകനായ നരന്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകളില്‍ ലക്ഷ്മിപ്രിയ സഹനടിയായെത്തി.
ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇസ്‌ലാം മതവിശ്വാസിയായിരുന്ന ലക്ഷ്മിപ്രിയ 18-ാം വയസ്സിലെ വിവാഹശേഷമാണ് ഹിന്ദുമതം സ്വീകരിച്ചത്. സബീന അബ്ദുല്‍ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ യഥാര്‍ത്ഥ പേര്.
അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പ്രശ്‌നങ്ങള്‍ കുടുംബത്തിലുണ്ടായിരുന്നു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹശേഷം തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
ലക്ഷ്മിപ്രിയയുടെ വാക്കുകളില്‍നിന്നും:’ കല്യാണം കഴിച്ചത് ഒരു എടുത്തുചാട്ടമായി ഇതുവരെ തോന്നിയിട്ടില്ല. പക്ഷെ, കല്യാണം കഴിഞ്ഞ് എനിക്ക് വലിയ സങ്കടമായിരുന്നു. എത് എന്തുകൊണ്ടാണെന്ന് ഇന്നും അറിയില്ല. ഞാന്‍ വലിയ ഒച്ചയെടുത്ത് കരയുകയും സങ്കടപ്പെടുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു.
പക്ഷെ, ഞാന്‍ ജയേഷേട്ടന്റെ വീട്ടില്‍ ചെന്ന ശേഷം എന്റെ വീട്ടില്‍ എന്നെ നോക്കിയിരുന്നതു പോലെ അല്ലെങ്കില്‍ അതിനേക്കാല്‍ നന്നായിട്ടായിരുന്നു അച്ഛനമ്മമാരും സഹോദരങ്ങളും എന്നെ നോക്കിയത്. ഒരു കുഞ്ഞിനെപ്പോലെയാണ് അവര്‍ എന്നെ പരിഗണിച്ചത്. എന്നാല്‍ പോലും ഞാന്‍ വല്ലാതെ ഇറിറ്റേറ്റഡ് ആയിരുന്നു അക്കാലത്ത്. എനിക്ക് വല്ലാതെ സങ്കടവും കരച്ചിലും വരുമായിരുന്നു.
ലക്ഷ്മിപ്രിയയുടെ സങ്കടത്തിന്റെ കാരണം പറയുകയാണ് ഭര്‍ത്താവ് ജയേഷ്. ‘പ്രേമിച്ചു വീടുവിട്ടുപോയി വിവാഹം കഴിക്കുന്ന എല്ലാ പെണ്‍കുട്ടികളുടെയും പ്രശ്‌നമാണിത്. ലക്ഷ്മിക്ക് വിഷാദരോഗമായിരുന്നു.
അച്ഛനേയും അമ്മയേയും അവഗണിച്ച് വിവാഹം കഴിച്ചതിനെക്കുറിച്ചുള്ള വിഷമം എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ളതാണ്. അത് ഞങ്ങള്‍ക്കുമുണ്ട്, പക്ഷെ പുറത്തുകാണിക്കുന്നില്ല എന്നു മാത്രം. ഇത്രയും വളര്‍ത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും ഇട്ടിട്ട് പോയല്ലോ എന്ന തോന്നലില്‍ നിന്നാണ് അത് വരുന്നത്. അതെല്ലാവര്‍ക്കുമുണ്ട്. സ്ത്രീകള്‍ കരയും, പുരുഷന്‍മാര്‍ പക്ഷെ, കരയാറില്ല. അതാണ് വ്യത്യാസം.’
പക്ഷെ, താന്‍ വീട്ടിലേക്ക് തിരിച്ച് പോകില്ല എന്ന വാശിയുണ്ടായിരുന്നുവെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ‘എന്റെ അച്ഛന്‍ എന്താണോ എന്നെക്കുറിച്ച് പറഞ്ഞത് അത് ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്. പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും.
എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും ചെറിയ കാര്യങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങളും അഡ്ജസ്റ്റ്‌മെന്റിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ വരുന്നത് ഈ സമയത്താണ്. കുറേ സമയം എടുത്ത് മാത്രമേ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ ആദ്യം തന്നെ ഇട്ടെറിഞ്ഞ് പോകാന്‍ തോന്നും.
വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ആറുമാസത്തോളം വീട്ടില്‍ നിന്ന് മാറിത്താമസിച്ചിരുന്നു. ആ സമയം ജയേഷേട്ടന്റെ ചേട്ടന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ അത് മാത്രമായിരുന്നു പ്രശ്‌നം.
എങ്കിലും എല്ലാ ദിവസവും ഞങ്ങളെ അച്ഛനമ്മമാര്‍ കൃത്യമായി വിളിക്കുമായിരുന്നു. അച്ഛന്‍ ഒരു പാവം കലാകാരനായിരുന്നു. എന്റെ വീട്ടില്‍ നിന്ന് വന്ന് വല്ല പ്രശ്‌നമുണ്ടാക്കുമോ എന്നെല്ലാം ഭയന്നിരുന്നു.
പിന്നെ കലാകാരന്മാരുടെ വീട്ടില്‍ ഇതുപോലെ വല്ല സംഭവങ്ങളും ഉണ്ടായാല്‍ അതിനു വലിയ പബ്ലിസിറ്റിയാണല്ലോ. അതുകൊണ്ടൊക്കെയാണ് മാറിത്താമസിച്ചത്. പിന്നീട് വീട്ടിലേക്ക് വന്നു. അവരുടെ പ്രോത്സാഹനം കൊണ്ടുകൂടിയാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. അമ്മയായിരുന്നു മിക്കപ്പോഴും എന്റെയൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വരിക.
വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടുകാര്‍ ഫോണിലൂടെ വിളിക്കാനൊക്കെ തുടങ്ങിയിരുന്നു. അമ്മ മിക്കപ്പോഴും വഴക്കും ചീത്തവിളിയുമൊക്കെയായിരിക്കും. ഞാന്‍ വിചാരിക്കുന്നത് എന്നെ അവര്‍ക്ക് ഇഷ്ടമല്ലെന്നാണ്, അപ്പോള്‍ ഞാനും തീരുമാനിച്ചു എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടെന്ന്.
അച്ഛന്റെയും അമ്മയുടെയും ഒപ്പം ഞാന്‍ വളര്‍ന്നിട്ടില്ലാത്തതു കൊണ്ട് എനിക്ക് അവരോട് വലിയ അടുപ്പമില്ലായിരുന്നു. എന്റെ ചിറ്റപ്പനും അമ്മൂമ്മയും അപ്പച്ചിയും കൂടിയാണ് എന്നെ വളര്‍ത്തിയത്. അവരായിരുന്നു എന്റെയെല്ലാം. നാളെ അവരില്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കുമെന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു.
അമ്മൂമ്മ മരിച്ച്, അപ്പച്ചിയും വയ്യാതായ സമയത്താണ് ഞാന്‍ ജയേഷേട്ടനെ കാണുന്നതും കല്യാണം കഴിയ്ക്കുന്നതുമൊക്കെ. അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ ജയേഷേട്ടനെ വിവാഹം കഴിയ്ക്കില്ലായിരുന്നു.’ ലക്ഷ്മിപ്രിയ പറയുന്നു.
© Copyright - MTV News Kerala 2021
View Comments (0)