കടം ചോദിച്ചു എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി, മാസ്ക് വച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്ന് അനൂപ്.
തിരുവനന്തപുരം:സഹായം ചോദിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംപര്‍ അടിച്ച അനൂപ്.കടം ചോദിക്കാന്‍ എത്തുന്നവരെ കൊണ്ട് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും അനൂപ് പറയുന്നു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് തന്റെ ദുരവസ്ഥ വിവരിച്ച് അനൂപ് രംഗത്തെത്തിയത്.
‘ബംപര്‍ അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു എനിക്ക്. സന്തോഷം എന്നു പറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സന്തോഷം. ഇപ്പം ഓരോ ദിവസം കഴിയും തോറും എന്റെ അവസ്ഥ മാറി മാറി വരികയാണ്. എനിക്ക് ഇപ്പോള്‍ വെളിയിലേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല. ഒരിടത്തേക്ക് പോകാന്‍ പറ്റുന്നില്ല. ചേച്ചിയുടെ വീട്ടിലടക്കം പലയിടത്തും മാറി മാറിയാണ് നില്‍ക്കുന്നത്. ഓരോ വീടും കണ്ടുപിടിച്ചാണ് ആളുകള്‍ വരുന്നത്.’
‘രാവിലെ മുതല്‍ സഹായം ചോദിച്ച് തുടങ്ങുകയാണ്. എന്തെങ്കിലും താ മോനെ, എടുത്തു താ മോനെ എന്നൊക്കെ പറഞ്ഞാണ് വരുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്. എനിക്ക് പൈസ ഇതുവരെ കിട്ടിയിട്ടില്ല. കാഷ് ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല.’
‘ചാനലില്‍ വന്നപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു ഇത്രത്തോളം ഇതാവുമെന്ന്. എല്ലാവരും എന്നെ കണ്ടുകണ്ട് ഒരിടത്തും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കൊച്ചിന് ഒട്ടും വയ്യാതെ നില്‍ക്കുകയാണ്. അവനെ ഹോസ്പിറ്റലില്‍ പോലും കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.’
‘ഇപ്പോള്‍ ഇക്കാര്യം പറയുന്ന സമയത്ത് പോലും വീടിന്റെ ഗെയ്റ്റില്‍ ആള്‍ക്കാര്‍ തട്ടിക്കൊണ്ടിരിക്കുകയാണ്. എത്ര പറഞ്ഞിട്ടും മനസിലാക്കുന്നില്ല. നിങ്ങള്‍ എല്ലാവരും മനസിലാക്കണം എനിക്ക് പൈസ കിട്ടിയിട്ടില്ല’- അനൂപ് വ്യക്തമാക്കി.
© Copyright - MTV News Kerala 2021
View Comments (0)