“മണി ഇയ്യ് വല്ല്യ വർത്താനൊന്നും പറയണ്ടഞാൻ വരാ യ്യൊരു പൈസേംതരണ്ട ഞാൻ പരിപാടിന്റന്ന് വരാം ഉദ്ഘാടനോം ചെയ്യാം എന്തേ അനക്ക് സന്തോഷായില്ലേ… ”
കോഴിക്കോടൻ ഹാസ്യ അഭിനയത്തിൽ ശ്രദ്ധേയനായ പ്രശസ്ത നടൻ മാമുക്കോയയുടെ നിര്യാണത്തിൽ പഴയ കാല ഓർമ്മകൾ പങ്കുവെച്ചുള്ള ഗിരീഷ് ചിറ്റാരിപ്പിലാക്കാലിന്റെ കുറിപ്പ് ശ്രദ്ധേയമാക്കുന്നു.
ഇന്നസെന്റ് ചേട്ടന് പുറകെ കോഴിക്കോടൻ ഹാസ്യത്തിന്റെ അഭിമാനമായിരുന്ന ശ്രീമാൻ മാമുക്കയും വിട വാങ്ങി. എന്നെ സംബന്ധിച്ചിടത്തോളം ഇക്കയുടെ മരണം വ്യക്തിപരമായ വേദന കൂടിയാണ്. അദ്ദേഹവുമായി അടുപ്പം പുലർത്തിയ ആർക്കും മനസ്സിലാവും നിഷ്കളങ്കതയുടെ പര്യായമാണ് ശ്രീ മാമുക്കോയ എന്ന്. എനിക്ക് അദ്ദേഹത്തെ ബന്ധപ്പെടേണ്ടി വന്നത് എന്റെ നാടായ ചിറ്റാരിപിലാക്കലിലെ ഞാൻ ഉൾക്കൊള്ളുന്ന ഉദയ സ്വയം സഹായ സംഘത്തിന്റെ വാർഷിക പരിപാടിയുടെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ വിളിക്കേണ്ടി വന്നപ്പോഴാണ്. അതിന് കാരണക്കാരനായത് ഇപ്പോഴത്തെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരനും എന്റെ സുഹൃത്തും നടൻ മാമുക്കോയയുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്ന അരയങ്കോട് അബ്ദുൽ സമദ് എന്ന ഓളിക്കൽ ബാവയാണ്.
ഉദയ സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചാൽ നമ്മുടെ മാമുക്കോയ വരുമോ എന്ന ചോദ്യത്തിന് നീ വിളിച്ചു നോക്ക് വരും എന്ന ബാവയുടെ മറുപടി എനിക്ക് വലിയ ധൈര്യം തന്നു. ഉടനെ ബാവയിൽ നിന്നും നമ്പർ വാങ്ങി അല്പം ആശങ്കയോടെ ഞാൻ വിളിക്കുകയും ചെയ്തു. എന്നെ അറിയാത്ത സിനിമാ നടൻ മാമുക്കോയ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്റെ ചിന്ത. എന്റെ കോൾ കണ്ടപ്പോൾ അറ്റൻഡ് ചെയ്ത് അദ്ദേഹം ചോദിച്ചു “ഹലോ ആരാണ്?” സിനിമയിൽ മാത്രം കേട്ട ശബ്ദം ഫോണിലൂടെ എന്റെ ചെവിയിൽ….ഞാനെന്ത് മറുപടിയാണ് പറയുക എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ ഉടനെ എന്റെ ബോധ മണ്ഡലത്തിൽ ഉത്തരം വന്നു. ഇക്കാ ഞാൻ ബാവയുടെ സുഹൃത്ത് മണിയാണ്. അപ്പോഴെന്നെ അറിയുകപോലും ചെയ്യാത്ത ഇക്കയുടെ തിരിച്ചുള്ള ചോദ്യം “എന്താണ് മണി..?” ഞാൻ പറഞ്ഞു ഇക്കാ… എന്റെ നാട്ടിൽ ഞാൻ ഉൾക്കൊള്ളുന്ന ഉദയ സ്വയം സഹായ സംഘത്തിന്റെ വാർഷികമുണ്ട് അതിൽ ഞങ്ങൾ തയ്യാറാക്കിയ ലൈബ്രറി നാടിന് സമർപ്പണം നടത്തിക്കൊണ്ട് പരിപാടി ഇക്ക ഉദ്ഘാടനം ചെയ്യാൻ വരണം. ദിവസം ചോദിച്ചുറപ്പിച്ച് അദ്ദേഹം വരാമെന്ന് ഉറപ്പുതന്നു. അപ്പോഴാണ് എനിക്ക് ശ്വാസം നേരെവീണത്. ഹാവൂ ഇനി ഏതായാലും വിശദമായിട്ട് സംസാരിക്കാം എന്നുറപ്പിച്ച് ഇത്തിരി സംസാരിച്ചു കഴിഞ്ഞപ്പോൾ “ഞാനെങ്ങനെ വരും വാഹനം നിങ്ങൾ അയച്ചു തരുമോ” എന്നുള്ള ചോദ്യത്തിന് അന്ന് ഒരു സൈക്കിൾ പോലും സ്വന്തമായി ഇല്ലാത്ത ഞാൻ തീർച്ചയായും വാഹനം അയച്ചു തരാമെന്ന് മറുപടി നൽകി. എന്നാൽ എന്റെ സന്തോഷം പാടെ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു “ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഇരുപതിനായിരം ആണ് ചാർജ് അത് ഉദ്ഘാടനത്തിനു മുമ്പേ തന്നെ കിട്ടുകയും വേണം .” എന്ത് മറുപടി പറയും എന്ന് അല്പം ആലോചിച്ച് ഞാൻ പറഞ്ഞു ഇക്കാ പൈസ ഞാൻ തരാം പക്ഷേ അത് നിങ്ങൾക്ക് ഒരു ചായകുടിക്കാൻ പോലും തികയുമെന്ന് കരുതരുത്. കാരണം ഞങ്ങളൊക്കെ നാട്ടുമ്പുറത്തുകാരാണ് ഇരുപതിനായിരം പോയിട്ട് രണ്ടായിരം രൂപ പോലും തികച്ചു തരാൻ ശേഷിയില്ലാത്ത ആളുകളും. ഞാൻ വിളിക്കുന്നത് എന്റെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തിനാണ്. നിങ്ങൾ വന്നാൽ ഞങ്ങൾക്ക് നിങ്ങളെയൊന്ന് കാണാം. നിങ്ങൾക്ക് ഞങ്ങളെയും ഞങ്ങളുടെ നാട്ടിൻപുറവും കാണാം. ദയവുചെയ്ത് ഇക്ക വരില്ല എന്ന് പറയരുത്. അല്പസമയം നാട്ടുവർത്തനങ്ങൾ എല്ലാം കേട്ട്കഴിഞ്ഞ് എന്റെ അയ്യോപാവം കളി കൊണ്ടോ ഓളിക്കൽ ബാവയുടെ സുഹൃത്ത് എന്ന ബന്ധം കൊണ്ടോ എന്നറിയില്ല മാമുക്ക സ്വതസിദ്ധമായ ശൈലിയിൽ എന്നോട് പറഞ്ഞു… “മണി ഇയ്യ് വല്ല്യ വർത്താനൊന്നും പറയണ്ടഞാൻ വരാ യ്യൊരു പൈസേംതരണ്ട ഞാൻ പരിപാടിന്റന്ന് വരാം ഉദ്ഘാടനോം ചെയ്യാം എന്തേ അനക്ക് സന്തോഷായില്ലേ”… എന്ന ചോദ്യം കൂടെ കേട്ടപ്പോൾ എന്നെ കളിയാക്കുകയാണോ എന്നാണ് ആദ്യം തോന്നിയത്. എന്നാൽ “രാത്രി ഭക്ഷണം ഉണ്ടാക്കി വച്ചോ അന്ന് അന്റെ കൂടെ…” എന്ന് പറഞ്ഞപ്പോൾ വരുമെന്ന കാര്യം ഉറപ്പായി. സുഹൃത്തുക്കളുടെ ഇടയിൽ കേമനായി നടക്കാൻ ആ ഉറപ്പ് ഒരു കാര്യമായി. പറഞ്ഞ ദിവസം അദ്ദേഹം പരിപാടിക്ക് എത്തി ഉദ്ഘാടനവും ചെയ്തു.ഇന്ന് പന്ത്രണ്ട് വയസുള്ള അന്ന് എൽകെജിയിൽ പഠിക്കുന്ന എന്റെ മകൻ അഗിൻ ആദ്യമായി പൊതുവേദിയിൽ വെച്ച് ഒരു ഉപഹാരം വാങ്ങുന്നതും അദ്ദേഹത്തിന്റെ കയ്യിൽ നിന്നു തന്നെ. പരിപാടിയുടെ ഒഴിവു സമയത്ത് എന്റെ കുടുംബത്തെ കൂട്ടി അദ്ദേഹം ഫോട്ടോ എടുക്കാൻ അവസരം തന്നു. എനിക്ക് മാത്രല്ല പലർക്കും അവസരം നൽകി.പിന്നെ യാത്ര പറഞ്ഞ് ഇറങ്ങിയതിനു ശേഷം ഫോണിലൂടെയുള്ള ബന്ധങ്ങൾ തുടരുന്നുണ്ടായിരുന്നു. ആ ഇടയ്ക്കാണ് പാഴൂരിലെ പാട്ടു കൂട്ടായ്മയായ (PINK ) പാഴൂർ ഇശൽ നാദക്കൂട്ടത്തിന്റെ വാർഷികത്തിന് ഇക്കയുടെ ഒരു ആശംസ സന്ദേശം വേണമെന്ന് അതിന്റെ സംഘാടകർഎന്നോട് ആവശ്യപ്പെടുന്നത്. അപ്പോഴും ഞാൻ ബാവയെ വിളിച്ചു അദ്ദേഹം ചെയ്തു തരുമോ എന്ന് അന്വേഷിച്ചു. അപ്പോഴും ബാവക്കയുടെ പഴയമറുപടി നീ വിളിച്ച് അന്വേഷിക്ക്… തരുമായിരിക്കും. ഞാൻ നേരെ ഇക്കയെ വിളിച്ചു കാര്യം പറഞ്ഞു. മാമുക്ക അദ്ദേഹത്തിന്റെ ശൈലി വിടാതെതന്നെ എന്നോട് പറഞ്ഞു “മണിയെ ഞാനെന്താ പറയേണ്ടത് ന്ന് വെച്ചാൽ യ്യ് ഇങ്ങോട്ട് എഴുതി അയച്ചുകൊണ്ട ഞാനത് പറഞ്ഞിട്ട് അനക്ക് അയച്ചുതരാം.” പറയേണ്ടത് അയച്ചുകൊടുത്തു ഞാൻ കാത്തു നിൽക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാമുക്ക ആ പരിപാടിക്കായി വീഡിയോ സന്ദേശം അയച്ചു തന്നു. ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു എന്തിനായിരുന്നു ആ വലിയ മനുഷ്യൻ എന്നോട് ഇത്രയധികം സ്നേഹം കാണിച്ചത്.സിനിമാനടൻ മാമുകോയയുടെ വേർപാട് സിനിമാലോകത്തിന് വലിയ നഷ്ടംതന്നെ. എന്നെപോലെ ഉള്ളവരെ സംബന്ധിച്ച്…. വ്യക്തി പരമായ നഷ്ടം. അദ്ദേഹത്തിന്റെവേർപാടിൽ ഇക്കയുടെ ഓർമകൾക്ക് മുൻപിൽ എന്റെയും കുടുംബത്തിന്റെയും ഒരുപിടി ഓർമപ്പൂക്കൾ
-ഗിരീഷ് ചിറ്റാരിപ്പിലാക്കൽ.
© Copyright - MTV News Kerala 2021
View Comments (0)