അനധികൃതമായി മണൽ കയറ്റുകയായിരുന്ന ലോറി മാവൂർ പോലീസിന്റെ പിടിയിൽ

MTV News 0
Share:

മാവൂർ:പെരുവയലിനു സമീപം പള്ളിക്കടവിൽ അനധികൃതമായി മണൽ കയറ്റുകയായിരുന്ന ലോറിയാണ് മാവൂർ പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം.മണൽ നിരോധനം നിലനിൽക്കുന്ന ചാലിയാറിൽ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ ആർ ശിവകുമാറിന്റെ നേതൃത്വത്തിൽ പരിശോധനക്ക് എത്തിയത്.

ഈ സമയം തോണിയിൽ നിന്നും ലോറിയിലേക്ക് മണൽ കയറ്റുകയായിരുന്നു.

പോലീസിനെ കണ്ടതോടെ തോണിയിൽ ഉണ്ടായിരുന്നവർ തോണി തുഴഞ്ഞ് പുഴയിലേക്ക് പോയി. ലോറി ഉപേക്ഷിച്ച് ഡ്രൈവറും ഓടി രക്ഷപ്പെട്ടു.തുടർന്ന് ലോറി കസ്റ്റഡിയിലെടുത്ത് മാവൂർ പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.രണ്ടാഴ്ച മുമ്പും ഇതേ കടവിൽ വച്ച്ഇതിന് സമാനമായ രീതിയിൽ മാവൂർ പോലീസ് മണൽ കടത്തുകയായിരുന്ന ലോറി പിടികൂടിയിരുന്നു.

പലപ്പോഴും പോലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ആളുകളെ മണൽമാഫിയ വെക്കുന്നതാണ് മണൽക്കടത്ത് സംഘങ്ങളെ പിടികൂടുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.

ഇത്തരം സംഘങ്ങളെ കബളിപ്പിച്ചാണ് മാവൂർ പോലീസ് മണൽ കയറ്റിയ ലോറി പിടികൂടിയത്.

മാവൂർ എസ് ഐ സലിം മുട്ടത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ ചെറുവാടി, സുരേഷ് ഓമശ്ശേരി, സിപിഒ ഷറഫലി എന്നിവർ നേതൃത്വം നൽകി.