ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന്; സംഘാടകര്‍ക്കെതിരേ പോലിസ് കേസ്, അറസ്റ്റ്
മാറാട് : ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേ പോലിസ് കേസെടുത്ത് സംഘാടകരെ അറസ്റ്റ് ചെയ്തു.
പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേയാണ് പോലിസ് പെര്‍മിഷന്‍ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മാറാട് പോലിസ് കേസെടുത്തത്. സംഭവത്തില്‍ അര്‍ഷാദ്, മുജീബ്, ജംഷീര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാത്രിയോടെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, ഇഫ്താര്‍ സംഗമത്തിന്റെ പേരില്‍ കേസെടുത്ത പോലീസ് നടപടി വിചിത്രവും
കേട്ടുകേള്‍വിയില്ലാത്തതുമാണെന്ന് എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഷാനവാസ് മാത്തോട്ടം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
തികച്ചും സമാധാനാന്തരീക്ഷത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിക്കെതിരെ പോലീസ് പെര്‍മിഷന്‍ എടുത്തില്ലെന്ന വിചിത്ര കാരണം പറഞ്ഞാണ് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
ജനാധിപത്യ അവകാശങ്ങള്‍ പോലും അനുവദിക്കാത്ത ഇടതു സര്‍ക്കാരിന്റെ പോലീസ് നടപടി സംഘപരിവാരത്തെ പ്രീണിപ്പിക്കുന്ന നിലപാടാണ്. ജില്ലയില്‍ എല്ലാ സ്ഥലത്തും ഇത്തരം പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പ്രദേശത്തെ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ അന്വേഷണം പോലുമില്ലാതെ കേസ് എടുക്കുന്ന രീതി പോലീസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി സംഘടിക്കാനുള്ള ഭരണഘടന അവകാശം അനുവദിച്ചു നല്‍കാത്ത മാറാട് പോലീസ് നടപടി പ്രതിഷേധാര്‍ഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
© Copyright - MTV News Kerala 2021
View Comments (0)