മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി കേസിൽ പഞ്ചായത്തും സ്ഥലം നഷ്ടപ്പെട്ടവരും കക്ഷി ചേരണം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ
മാവൂർ:05-03-1958 ന് കേരള ഗവര്‍ണറും ഗ്വാളിയോര്‍ റയോണ്‍സും ഒപ്പിട്ട കരാർ പ്രകാരമാണ് ഗ്വാളിയോര്‍ റയോണ്‍സ് മാവൂരില്‍ എത്തുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി ഉപയോഗപ്പെടുത്തി വ്യവസായം ആരംഭിക്കണമെങ്കില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ തീര്‍പ്പുണ്ടാവേണ്ടതുണ്ട്. വ്യവസായ വകുപ്പിന്‍റെ 10-10-2017 ലെ ജി.ഒ (എം.എസ്) നം.97/2017/ഐ.ഡി പ്രകാരം റയോണ്‍സിന്‍റെ കൈവശത്തിലുള്ള ഭൂമി തിരികെ ഏറ്റെടുക്കുന്നതിനും ഇന്‍റസ്ട്രീയല്‍ പാര്‍ക്ക് തുടങ്ങുന്നതിന് കിന്‍ഫ്രക്ക് അനുവദിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ പ്രസ്തുത ഉത്തരവിനെതിരില്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി ഡബ്ല്യു.പി(സി) നം. 33103/2017 ആയി ഹൈക്കോടതി മുമ്പാകെ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയും സര്‍ക്കാര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുകയാണ്.
സില്‍ക്ക് മാനുഫാക്ചറിംഗ് വ്യവസായം ആരംഭിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 1894ലെ ഭൂമി എറ്റെടുക്കല്‍ നിയമപ്രകാരം മാവൂര്‍ വില്ലേജില്‍ 240.39 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നത്. ഭൂമിയുടെ പൊന്നും വിലയും പിന്നീട് കോടതി തീര്‍പ്പാക്കിയ അധിക തുകയും കമ്പനിയാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്നും 5.94 ഏക്കര്‍ ഭൂമിയും കമ്പനിക്ക് നല്‍കിയിരുന്നു. ഇതുകൂടാതെ കമ്പനി സ്വന്തമായി 80.19 ഏക്കര്‍ ഭൂമി വില കൊടുത്ത് വാങ്ങുകയും ചെയ്തു. ആകെ ലഭ്യമായ 326.52 ഏക്കര്‍ സ്ഥലത്താണ് കമ്പനി പ്രവര്‍ത്തിച്ചു വന്നിരുന്നത്.
2001 ജനുവരിയിലാണ് മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സിന്‍റെ പള്‍പ്പ് ആന്‍റ് സ്റ്റാപ്ള്‍ ഫൈബര്‍ യൂണിറ്റ് സമ്പൂര്‍ണമായി അടച്ചുപൂട്ടുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണവും വലിയ തോതില്‍ ചര്‍ച്ചയായ അക്കാലത്തിന് ശേഷം കമ്പനി പ്രവര്‍ത്തനം നിലച്ചതോടെ വ്യവസായ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട മാവൂരും സമീപ പ്രദേശങ്ങളും ആളും ആരവവും ഒഴിഞ്ഞ ഒരിടമായി മാറുകയായിരുന്നു. പഴയ പ്രതാപത്തിലേക്ക് മാവൂരിനെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. ജനങ്ങളുടെ ആരോഗ്യവും സ്വൈര്യ ജീവിതവും ഉറപ്പുവരുത്തേണ്ടതുമുണ്ട്. ജനവാസ മേഖല എന്ന നിലയില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന ഒരു വ്യവസായ സ്ഥാപനം മാവൂരില്‍ ആരംഭിക്കാന്‍ സാധിച്ചാല്‍ അത് ഈ മേഖലയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിന് സഹായകമാവും എന്നതില്‍ സംശയമൊന്നുമില്ല.
കാടുപിടിച്ച് സാമൂഹ്യ വിരുദ്ധരും മൃഗങ്ങളും കയ്യടക്കിയ വിസ്തൃതമായ ഭൂമി കയ്യടക്കിവെച്ച ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയെ സമ്മര്‍ദ്ധത്തിലാക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രാദേശികമായ പിന്തുണയുണ്ടാവേണ്ടത് ഈ സന്ദര്‍ഭത്തില്‍ ഏറെ അനിവാര്യമാണ്. ഹൈക്കോടതി സ്റ്റേയുടെ ബലത്തിലാണ് ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി ഭൂമിയുടെ മേല്‍ അടയിരിക്കുന്നത്. പ്രസ്തുത സ്റ്റേ നീക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖേന നീക്കം നടത്തിവരികയാണ്. പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ മാവൂര്‍ ഗ്രാമപഞ്ചായത്ത് ഈ കേസില്‍ കക്ഷി ചേരുകയും വന്യ മൃഗങ്ങളുടെ ആക്രമണം ഉള്‍പ്പെടെ ജനങ്ങള്‍ അഭിമുഖീകരിച്ചുവരുന്ന ഭീഷണികളും വ്യവസായ സ്ഥാപനം പ്രര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ നികുതി വരുമാനം ഉള്‍പ്പെടെ നിലച്ചതിനാലുള്ള പ്രതിസന്ധിയും കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. വ്യവസായം ആരംഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിക്ക് നല്‍കിയ ഭൂമി രണ്ട് പതിറ്റാണ്ടിലേറെക്കാലമായി വെറുതെ കിടക്കുന്നതും വ്യവസായം നിലച്ചതും ചൂണ്ടിക്കാട്ടി പ്രസ്തുത ഭൂമിയുടെ ഉടമകള്‍ക്കോ അനന്തരവകാശികള്‍ക്കോ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാവുന്നതും ഏറ്റെടുത്ത ആവശ്യം നടക്കാത്ത സാഹചര്യത്തില്‍ തങ്ങളുടെ ഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യം ഉന്നയിക്കാവുന്നതുമാണ്. ചുരുക്കത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പ്രാദേശികമായ സാധ്യതകളും ഉപയോഗപ്പെടുത്തി കമ്പനിയെ സമ്മര്‍ദ്ധത്തിലാക്കുകയും ഒത്തൊരുമിച്ചുള്ള നീക്കം നടത്തുകയും ചെയ്താല്‍ മാവൂരിന്‍റെ നഷ്ടപ്രതാപം നമുക്ക് തിരിച്ചു പിടിക്കാന്‍ സാധിക്കും എന്നതുറപ്പാണ്.
മാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, ഫയര്‍സ്റ്റേഷന്‍ എന്നിവക്ക് 25 സെന്‍റ് ഭൂമി വിട്ടുകിട്ടാനുള്ള ശ്രമങ്ങളും കമ്പനി അനുവദിക്കാതിരിക്കുന്നതിനുള്ള കാരണം ഹൈക്കോടതിയുടെ സ്റ്റേ ആണെന്നാണ് കമ്പനിയും സര്‍ക്കാരും അറിയിച്ചിട്ടുള്ളത്.
© Copyright - MTV News Kerala 2021
View Comments (0)