പൊലീസുകാരന്‍റെ ബൈക്കിൽ ‘ലിഫ്റ്റടിച്ച്’ പാമ്പ്, തിരിച്ചറിഞ്ഞത് 15 കിലോമീറ്റര്‍ യാത്രയ്ക്ക് ശേഷം…

MTV News 0
Share:
MTV News Kerala

മാവൂർ : ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പലരും ലിഫ്റ്റ് ചോദിക്കാറുണ്ട്, എന്നാല്‍ അനുവാദമില്ലാതെ ഒരാള്‍ ബൈക്കില്‍ കയറി ലിഫ്റ്റ് അടിച്ചാലോ! പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷിനോജ് തനിക്കൊപ്പം ലിഫ്റ്റടിച്ച് വന്നയാളെ കണ്ട് ഞെട്ടിയിരിക്കുകയാണ്. ഒരു പാമ്പാണ് ഷിനോജിനൊപ്പം ബൈക്കിലിരുന്ന് സവാരി നടത്തിയത്.

മാവൂര്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് ഓമശ്ശേരിയിലെ ഷിനോജിന്‍റെ വീട്ടിലേക്ക്. വീട്ടിൽ എത്തി കുളി കഴിഞ്ഞ്, വസ്ത്രങ്ങളൊക്കെ അലക്കിയ ശേഷം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് അരികിൽ ഷിനോജ് എത്തി. എന്തോ ഒന്ന് ബൈക്കിന് മുകളിൽ അനങ്ങുന്നതായി തോന്നി അടുത്തെത്തി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാരും അപ്പോഴേക്ക് ഓടി എത്തി. പാമ്പിനെ താഴെ ഇറക്കാൻ നോക്കിയപ്പോൾ പെട്രോൾ ടാങ്കിന് ഇടയിലേക്ക് പാമ്പ് ചുരുങ്ങി. ഒടുവിൽ അടുത്ത സുഹൃത്തിനെ വിളിച്ച് വരുത്തി. പാമ്പിനെ വിദഗ്ദമായി പിടികൂടി സമീപത്തെ കാടിനുള്ളിൽ കൊണ്ടുപോയി തുറന്നു വിട്ടു.

ഉഗ്ര വിഷമുള്ള അണലി കുഞ്ഞിനെയാണ് ബൈക്കില്‍ നിന്നും കണ്ടെത്തിയതെന്നാണ് പൊലീസുകാരന്‍ പറയുന്നത്. പിന്നീട് ചിത്രം കണ്ട് പലരും അത് പെരുമ്പാമ്പിന്‍റെ കുഞ്ഞാണെന്നും പറയുന്നു. എന്തായാലും 15 കിലോമീറ്ററോളം തന്‍റെ ഒപ്പം ശല്യമുണ്ടാക്കാതെ യാത്ര ചെയ്ത കക്ഷിയെ ഓർത്ത് ഇടയ്ക്കെങ്കിലും ഞെട്ടുന്നുണ്ട് ഷിനോജ്. കഴിഞ്ഞ കുറെ ദിവസമായി മാവൂർ മേഖലയിൽ കനത്ത മഴയാണ്. കനത്ത മഴയില്‍ താഴ്നന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ്. പൊലീസ് സ്റ്റേഷന് തൊട്ടടുത്തും വെള്ളക്കെട്ടുണ്ട്. അങ്ങനെ ഒഴുകി വന്ന് സുരക്ഷിത ഇടം തേടിയാകും കുഞ്ഞൻ പാമ്പ് തന്‍റെ ബൈക്കിൽ ഇരുപ്പ് ഉറപ്പിച്ചതെന്നാണ് ഷിനോജ് കരുതുന്നത്. എന്തായാലും അപകടമൊന്നുമില്ലാതെ ലിഫ്റ്റടിച്ചയാള്‍ക്കൊപ്പം വീട്ടിലെത്തിയെന്ന ആശ്വാസത്തിലാണ് ഷിനോജും കുടുംബവും.