അര്‍ജന്റീനയുടെയും ഇന്റര്‍ മിയാമിയുടെയും സൂപ്പര്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാനിറങ്ങാത്തതില്‍ കനത്ത പ്രതിഷേധം. ഹോങ്കോങ് ഇലവനും ഇന്റര്‍ മിയാമിയും സൗഹൃദ മത്സരത്തില്‍ മെസി കളിക്കാനിറങ്ങിയില്ല.
ഹോങ്കോങ് സ്‌റ്റേഡിയത്തില്‍ മെസിയെ കാണാന്‍ 40,000 പേരാണെത്തിയത്. ഹോങ്കോങ്ങിനെ മെസി വിലമതിച്ചില്ലെന്ന് ആരോപിച്ച ആരാധകര്‍ താരത്തിന്റെ ഫ്‌ളക്‌സുകള്‍ തകര്‍ത്തു. മത്സരത്തില്‍ ഇന്റര്‍ മിയാമി 4-1 നു ജയിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചു കളികളില്‍ ജയിക്കാതെ പതറിയ ടീമിനു ജയം ആശ്വാസമായി.
മെസി 90 മിനിറ്റും സൈഡ് ബെഞ്ചില്‍ തന്നെ ഇരുന്നു. 880 മുതല്‍ 4,880 ഹോങ്കോങ് ഡോളര്‍ വരെയായിരുന്നു ടിക്കറ്റ് വില. മെസി ഇറങ്ങാതിരുന്നതോടെ ടിക്കറ്റ് വില തിരിച്ചു ചോദിച്ചും പ്രതിഷേധങ്ങളുണ്ടായി. പകരക്കാരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും മെസി സൈഡ് ലൈനിലിരുന്ന് കളി കാണുക മാത്രമാണു ചെയ്‌തത്. സംഭവത്തില്‍ ഹോങ്കോങ് സര്‍ക്കാര്‍ രംഗത്തെത്തി.
മെസി 45 മിനിറ്റെങ്കിലും കളിക്കുമെന്ന് പ്രത്യേകമായി അറിയിച്ചിരുന്നെന്നും പരുക്കോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ മാറ്റമുണ്ടാകൂ എന്നും കരാറുണ്ടായിരുന്നതായി ഹോങ്കോങ് സര്‍ക്കാര്‍ പറഞ്ഞു. മത്സരത്തിന്റെ നടത്തിപ്പിനു സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)