കുതിച്ച് ഇന്ത്യക്കാരുടെ ഫോണ്‍ ഉപയോഗം; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ

MTV News 0
Share:
MTV News Kerala

സ്മാര്‍ട്ട്ഫോണ്‍ ശരീരത്തിലെ ഒരവയവത്തെ പോലെ മാറിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അല്‍പം കൂടുതലാണെന്ന് പറയുകയാണ് പഠന റിപ്പോര്‍ട്ടുകള്‍. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്‍റേതാണ് പഠനം. രാവിലെ എഴുന്നേറ്റതിന് പിന്നാലെ ആദ്യത്തെ 15 മിനിറ്റില്‍ തന്നെ ഫോണ്‍ പരിശോധിക്കുന്നവരാണ് 84 ശതമാനം ആളുകളുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ട്രീമിങ് കണ്ടന്‍റുകള്‍ കാണുന്നതിനായാണ് ആകെ ഫോണ്‍ ഉപയോഗിക്കുന്നതിന്‍റെ പകുതി സമയവും ആളുകള്‍ ചെലവഴിക്കുന്നത്. 2010 ല്‍ ആളുകള്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചിരുന്നത് രണ്ട് മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ നിലവില്‍ അത് 4.9 മണിക്കൂര്‍ ആയി വര്‍ധിച്ചിട്ടുണ്ട്. 2010 ല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് പ്രധാനമായും ആളുകളെ വിളിക്കുന്നതിനും സന്ദേശമയയ്ക്കുന്നതിനുമായിരുന്നുവെങ്കില്‍ 2023 ആയപ്പോഴേക്കും അത് 20–25 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നും പഠനത്തില്‍ കണ്ടെത്തി. വിവരങ്ങള്‍ തിരയുന്നതിനും, ഗെയിം കളിക്കുന്നതിനും, ഓണ്‍ലൈന്‍ ഷോപ്പിങിനും, ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിനുമായാണ് ഇന്ന് പ്രധാനമായും ഫോണ്‍ ഉപയോഗിക്കുന്നത്.