പോക്സോ കേസ്: മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും

MTV News 0
Share:
MTV News Kerala

17കാരിയെ പീഡിപ്പിച്ചകേസിൽ മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് മോൻസണെ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.

2019 ജൂലൈയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടുജോലിക്കാരി ആയിരുന്ന സ്ത്രീയുടെ മകളെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധപൂർവ്വം ഗർഭചിത്രം നടത്തിക്കുകയും ചെയ്തത്. ഇരയുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാം എന്നും പഠനത്തിന്റെ കൂടെ കോസ്മെറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചാണ് പീഡനം നടത്തിയത്. കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീടും മ്യൂസിയവുമായി ഉപയോഗിക്കുന്ന വീട്ടിലേക്ക് പ്രതി  പെൺകുട്ടിയെ കൊണ്ടുവരികയും അവിടെവച്ച്  നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ഗർഭിണിയായതിനെ തുടർന്ന് നിർബന്ധപൂർവ്വം ഗർഭചിത്രം നടത്തി എന്നുമാണ് പ്രോസിക്യൂഷൻ കേസ് .

സംഭവത്തെ തുടർന്ന് പകച്ചു പോയ പെൺകുട്ടി കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ഇരയുടെ അമ്മയെയും സഹോദരനെയും ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്നും താൻ ഇരയുടെ കുടുംബത്തിന് താമസിക്കുന്നതിന് എടുത്തു നൽകിയിരിക്കുന്ന വാടകവീട്ടിൽ നിന്നും ഇറക്കിവിടും എന്നും ഭീഷണിപ്പെടുത്തിയാണ് പിന്നെയും നിരന്തരമായി ബലാത്സംഗം നടത്തിയത്. 20 21 സെപ്റ്റംബർ 24ാം തീയ്യതി വ്യാജ പുരാവസ്തു കേസിൽ അറസ്റ്റിലാകുന്നതിന് രണ്ടുദിവസം മുൻപേ വരെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. മോൻസൺ അറസ്റ്റിൽ ആയതിനുശേഷം താൻ നേരിട്ട് ദുരനുഭവത്തെ പറ്റി തുറന്നു പറയാൻ പെൺകുട്ടിക്ക് ധൈര്യം കിട്ടുകയും തുടർന്ന് 2021 ഒക്ടോബർ മാസത്തിൽ  പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്.

തുടർന്ന് പിറ്റേ ദിവസം തന്നെ ഡിജിപിയുടെ നിർദ്ദേശപ്രകാരം കേസ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണത്തിനായി ചുമതല ഏൽപ്പിച്ചു. 60 ദിവസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് 2022 ഫെബ്രുവരിയിൽ എറണാകുളം പോക്സോ കോടതി മോൻസണെതിരെ കുറ്റം ചുമത്തുകയും വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ജൂൺ 13ന്  വിചാരണ കോടതിയിൽ അന്തിമവാദം അവസാനിക്കുകയും ജൂൺ 17ന് കോടതി വിധി പറയുകയും ചെയ്തു.

ഐപിസി നിയമപ്രകാരവും പോക്സോ നിയമപ്രകാരവും 13 വകുപ്പുകളിൽ ആണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ജീവപര്യന്തം എന്നാൽ പ്രതിയുടെ ബാക്കിയുള്ള ശിഷ്ടകാലം മുഴുവനും എന്നാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന കുറ്റം, ബലാത്സംഗം, പോക്സോ കേസുകൾ അടക്കം 16ഓളം കേസുകൾ നിലവിൽ ഉണ്ടെങ്കിലും ഏറെ കോളക്കം സൃഷ്ടിച്ച ഈ കേസിൽ മാത്രമാണ് മോൻസണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. വിചാരണ കോടതി മൂന്നു തവണയും ഹൈക്കോടതി രണ്ട് തവണയും ജാമ്യഹഹർജി  തള്ളിയിരുന്നു. ഇതിനൊക്കെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോയെങ്കിലും അവിടെയും ജാമ്യ ഹർജി തള്ളും എന്ന ഘട്ടത്തിൽ മോൻസന്റെ അഭിഭാഷകൻ ജാമ്യഹർജി സ്വമേധയാ പിൻവലിക്കുകയാണ് ഉണ്ടായത്.

കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 22 സാക്ഷികളെയും വിസ്തരിക്കുകയും 22 രേഖകളും കോടതിയിൽ ഹാജരാക്കി. ഈ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോൻസന്റെ മാനേജരായ ജോഷിക്കെതിരെ മറ്റൊരു പോക്സോ കേസിൽ വിചാരണ നടപടികൾ പെരുമ്പാവൂർ അതിവേഗ കോടതിയിൽ പുരോഗമിക്കുകയാണ് ആ കേസിൽ രണ്ടാം പ്രതിയാണ് മോൻസൺ. സ്വന്തം ജോലിക്കാരിയെ പീഡിപ്പിച്ച മറ്റൊരു ബലാത്സംഘ കേസും മോൻസനെതിരെ വിചാരണ തുടങ്ങാനിരിക്കുന്നുണ്ട്.

പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു കൂടാതെ ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകുവാനും കോടതി ശുപാർശ ചെയ്തിട്ടുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റെസ്റ്റം ആണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്ഐമാരായ സാബു കെ പി, ജോഷി എബ്രഹാം, സാലിമോൾ, രഞ്ജിത്ത് കെ ബി  എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു,  അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.