കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി | കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ടവ്യ അറിയിച്ചു. രൂക്ഷമായ വാക്‌സീന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സീന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടത് എം പിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. വളരെ മികച്ച രീതിയില്‍ കൊവിഡ് വാക്സിനേഷന്‍ യജ്ഞം നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കുമ്പോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നല്‍കുന്ന കാര്യവും പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. ഇടത് എം പിമാരായ എളമരം കരീം, ബിനോയ് വിശ്വം, ഡോ. വി ശിവദാസന്‍, കെ സോമപ്രസാദ്, എം വി ശ്രേയാംസ്‌കുമാര്‍, ജോണ്‍ ബ്രിട്ടാസ്, എ എം ആരിഫ് എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.
കൊവിഡ് നിയന്ത്രണത്തില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമാണ് കേരളം. രാജ്യത്തുതന്നെ ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കുന്നതും കേരളത്തിലാണ്. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് സംസ്ഥാനത്തിന്റെ നയം. നിലവില്‍ 54.42 ശതമാനം (1.30 കോടി) ആളുകള്‍ക്ക് ആദ്യ ഡോസും 23 ശതമാനം (56 ലക്ഷം) പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കി. 18 നും 45 നും ഇടയില്‍ പ്രായമുള്ള 18 ലക്ഷം ആളുകള്‍ക്കും, 45 വയസിന് മുകളിലുള്ള 75 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി. 45 വയസിനു മുകളിലുള്ള കേരളത്തിലെ 35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ ലഭിച്ചു. ഈ മാസം 18 മുതല്‍ 24 വരെ ഒരാഴ്ചയ്ക്കുള്ളില്‍ 18 ലക്ഷത്തോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച (ജൂണ്‍ 23, 2021) സംസ്ഥാനത്തൊട്ടാകെ 4.88 ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഇതോടെ പ്രതിദിനം നാലര ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാമെന്ന് സംസ്ഥാനം തെളിയിച്ചു.
കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് വാക്‌സീന്‍ ലഭിക്കുന്നില്ല എന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതുവരെ സംസ്ഥാനത്ത് 1,79,03,860 ഡോസ് വാക്‌സീന്‍ ലഭിച്ചു. ഇതില്‍ ഒരു തുള്ളി പോലും വാക്‌സീന്‍ സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച വാക്‌സീന്‍ ഡോസുകളില്‍ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്. എന്നാല്‍ ഒരു ദിവസത്തെ കുത്തിവപ്പിനു പോലും നിലവില്‍ വാക്‌സീനുകള്‍ സ്റ്റോക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് 2021 ജൂലൈ എട്ടിന് സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് 90 ലക്ഷം വാക്‌സീന്‍ ഡോസുകള്‍ കൂടി അടിയന്തരമായി ലഭ്യമാക്കാന്‍ സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിയെ നേരില്‍ കണ്ട് കേരളത്തിന് അധിക ഡോസ് വാക്‌സീന്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, കേരളം ആവശ്യപ്പെട്ട വാക്‌സീന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം ഇടത് എം പിമാര്‍ സമര്‍പ്പിച്ചു.
© Copyright - MTV News Kerala 2021
View Comments (0)