വയനാട്‌ അല്ലെങ്കില്‍ കണ്ണൂര്‍ , മൂന്നാം സീറ്റില്‍ ‘രണ്ടും കല്‍പ്പിച്ച്‌ ‘ ലീഗ്‌

MTV News 0
Share:
MTV News Kerala

കേരള കോണ്‍ഗ്രസി(ജോസഫ്‌)നെ മെരുക്കി എത്രയും വേഗം സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക്‌ മുസ്ലിം ലീഗിന്റെ നിലപാട്‌ വെല്ലുവിളിയാകുന്നു. കോട്ടയം സീറ്റില്‍ ഏകദേശം ധാരണയുണ്ടാക്കാനായെന്ന്‌ കോണ്‍ഗ്രസ്‌ അവകാശപ്പെടുമ്പോള്‍ മൂന്നാം സീറ്റ്‌ എന്ന നിലപാടില്‍ ലീഗ്‌ ഉറച്ചുനില്‍ക്കുകയാണ്‌.
മുന്‍ വര്‍ഷങ്ങളിലൊക്കെ മൂന്ന്‌ സീറ്റ്‌ എന്ന ആവശ്യം ലീഗ്‌ മുന്നോട്ടുവച്ചിരുന്നെങ്കിലും ഒടുവില്‍ മുന്നണിയുടെ വിശാലതാല്‍പര്യം മുന്‍നിര്‍ത്തി പിന്മാറുകയായിരുന്നു. 2019 തെരഞ്ഞെടുപ്പില്‍ വയനാട്‌ സീറ്റിനായി അവര്‍ ശക്‌തമായ നിലപാടെടുത്തു. ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട്‌ സ്‌ഥാനാര്‍ഥിയായതോടെ അതില്‍നിന്നും പിന്മാറേണ്ടിവന്നു. ഇക്കുറി കടുത്ത നിലപാടിലാണ്‌ ലീഗ്‌.
സാധാരണ യു.ഡിഎഫിന്റെ പാലമായി വര്‍ത്തിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയാണ്‌ തര്‍ക്കങ്ങളില്‍ സമവായത്തിനു ശ്രമിക്കുന്നത്‌. ഇക്കുറി കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ മൂന്നാം സീറ്റ്‌ കൂടിയേ തീരൂവെന്ന നിലപാട്‌ പ്രഖ്യാപിച്ചതും.
കുറേ നാളുകളായി കോണ്‍ഗ്രസിനു വേണ്ടി ലീഗ്‌ പല വിട്ടുവീഴ്‌ചകളും ചെയ്യുന്നുവെന്ന പരിഭവം ലീഗിലുണ്ട്‌. അത്‌ പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവിനും വഴിവച്ചയ്‌ക്കുന്നു. അതുകൊണ്ടുതന്നെ, ഇക്കുറി അഴകൊഴമ്പന്‍ നിലപാട്‌ സ്വീകരിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ അവര്‍.
വയനാട്‌ സീറ്റാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നെങ്കില്‍ അതില്‍നിന്നു പിന്മാറും. കെ. സുധാകരന്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ പകരം കണ്ണൂര്‍ സീറ്റിനാവും സമ്മര്‍ദം ചെലുത്തുക. വടകരയും കാസര്‍ഗോഡും അവരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും സിറ്റിങ്‌ എം.പിമാര്‍ മത്സരിക്കുന്ന സീറ്റുകള്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കില്ലെന്ന്‌ ലീഗിനും ബോധ്യമുണ്ട്‌.
ജോസഫ്‌ ഉടക്കിയതോടെ കോട്ടയം അവര്‍ക്കും കൊല്ലം പ്രേമചന്ദ്രനും നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന ധാരണ കോണ്‍ഗ്രസിലുണ്ടായിരുന്നു.
അതേസമയം, എത്രയും വേഗം സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനാണ്‌ ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും തീരുമാനം. സീറ്റ്‌ വിഭജനം വലിയ കീറാമുട്ടിയാകില്ലെന്നാണ്‌ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. പതിവുപോലെ സി.പി.ഐ. നാലു സീറ്റുകളില്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ്‌ (മാണി)മാത്രമാണ്‌ പ്രശ്‌നം. എന്തായാലും കോട്ടയം സീറ്റില്‍ അവര്‍തന്നെ മത്സരിക്കും. അവര്‍ ഒരു സീറ്റുകൂടി ആവശ്യപ്പെടുന്നുണ്ട്‌. ഇടുക്കി അല്ലെങ്കില്‍ പത്തനംതിട്ടയാണ്‌ നോട്ടം. രണ്ടില്‍ ഏത്‌ കൊടുക്കേണ്ടിവന്നാലും അത്‌ സി.പി.എമ്മിനെ മാത്രം ബാധിക്കുന്നതാണ്‌. ഈ മാസം 10ന്‌ പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്‌. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനോടൊപ്പം തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനരൂപരേഖയും അതില്‍ തയാറാക്കും.