നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാണെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇക്കാര്യം കേന്ദ്രമോട്ടോർവാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ് കുറിപ്പിൽ പറയുന്നു. നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും) അത്യാവശ്യഘട്ടങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകാം എന്നും മേട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്‌ത് വ്യക്തത വരുത്തിയിട്ടുമുണ്ട്.
സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികൻ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്. മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്തോട് ഒരുവിധ നൂൽബന്ധമോപോലും ഇല്ലാതെയുമുള്ള അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡ്രൈവറുടേയോ ഒപ്പമുള്ളവരുടേയോ മനസ്സിന്റെ ഒരു ചെറിയ ചാഞ്ചല്യമോ സീറ്റിലിരിക്കുന്നതിലെ ചെറിയ വശപിശകുകളോ മതിയാകും വാഹന നിയന്ത്രണം നഷ്‌ടപ്പെട്ട് അപകടപ്പെടാൻ.
അപകടത്തിൽപ്പെട്ടാലോ മരണപ്പെടാനും ഗുരുതരപരിക്കുകൾക്കുള്ള സാധ്യതയും ബൈക്ക് /സ്‌കൂട്ടർ യാത്രികർക്ക് ഏറെയാണ്.
ഈ സാങ്കേതിക പരിമിതികളുടെ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള ഏകസഹയാത്രികനും ഹെൽമെറ്റ് ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്
© Copyright - MTV News Kerala 2021
View Comments (0)