“കേരളത്തിൽ ‘നരബലി’: കൊച്ചിയിൽ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതിന് മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ

MTV News 0
Share:

കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റാണ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്.

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയത്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം. ഭഗവന്ത്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. ഇവര്‍ക്കായി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. സ്ത്രീകളെ കൊച്ചിയില്‍നിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരങ്ങള്‍. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തി.