വാടകഗർഭധാരണത്തിൽ ചട്ടങ്ങൾ മറികടന്നോ?; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്.

MTV News 0
Share:
MTV News Kerala

വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾക്കു കുഞ്ഞു പിറന്നതു സംബന്ധിച്ചു തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തുള്ള നിലവിലെ ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞു നിശ്ചിത കാലയളവിന് ശേഷം മാത്രമേ വാടക ഗര്‍ഭധാരണം പാടുള്ളു എന്ന ചട്ടം ലംഘിച്ചെന്നാണ് ആരോപണം.

വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നനാണു രാജ്യത്തു ഇതു സംബന്ധിച്ചുള്ള നിയമം പറയുന്നത്. കൂടാതെ 21 മുതൽ 36 വയസ്സു വരെ പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് വെറും 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകുമെന്നാണു ഉയരുന്ന പ്രധാന ചോദ്യം. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോടു തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈയിൽ പറഞ്ഞു. ജൂണിലാണു നയൻതാരയും വിഘ്നേഷും വിവാഹിതരായത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതായി ഇന്നലെ ഇരുവരും സമൂഹമാധ്യമങ്ങൾ വഴിയാണു പുറത്തറിയിച്ചത്. പിറകെ ഇരുവർക്കും ആശംസകളുമായി തമിഴ്സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു. ഇതോടെ വാടക ഗര്ഭ ധാരണത്തിന്റെ നിയമ വശങ്ങൾ ഒരു വിഭാഗം ചർച്ചയാക്കിയത്.

ചട്ടലംഘനം കണ്ടെത്തിയാലും ഇരുവർക്കുനെതിരെ കടുത്ത ശിക്ഷ ഉണ്ടാവില്ലെന്നാണ് സൂചന. അതെ സമയം വാടക ഗര്ഭധാരണത്തിന് കൂട്ട് നിന്ന ആശുപത്രിക്ക് എതിരെ കർശന നടപടികൾ ഉണ്ടായേക്കാം.