സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടിയുമായി കോഴിക്കോട് എൻ.ഐ.ടി.

MTV News 0
Share:

കോഴിക്കോട്: രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടിയുമായി കോഴിക്കോട് ചാത്തമംഗം എൻ.ഐ.ടി. സമരത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാർഥികള്‍ക്കായി 33ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്.
മാർച്ച്‌ 22 ന് രാത്രി കാമ്പസില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞാണ് പിഴയിട്ടിരിക്കുന്നത്.
ഒരു വിദ്യാർഥി 6,61,155 രൂപ അടക്കണം. വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർഷ്, ബെൻ തോമസ് എന്നിവർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സമരം മൂലം ജീവനക്കാർക്ക് കാമ്പസിനുള്ളില്‍ പ്രവേശിക്കാൻ കഴിയാത്തതിനാല്‍ അന്ന് കാമ്പസിന് പ്രവർത്തിക്കാനായില്ല. ഒരു പ്രവൃത്തി ദിവസം നഷ്ടമായെന്നും അതുമൂലം കാമ്പസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാർഥികള്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
വിദ്യാർഥികള്‍ അർധ രാത്രിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരിച്ചു കയറണമെന്നതടക്ക
മുള്ള സർക്കുലർ ഡീൻ പുറത്തിറക്കിയതിന് പിന്നാലെയാണ് സമരവുമായി വിദ്യാർഥികള്‍ രംഗത്തെത്തിയത്. ഇതിനുപുറമെ നേരത്തെ 24 മണിക്കൂർപ്രവർത്തിച്ചിരുന്ന ക്യാന്‍റീൻ രാത്രി 11 മണിവരെയാക്കി ചുരുക്കി. രാത്രി പുറത്തുപോകുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്നും അന്നത്തെ സർക്കുലറില്‍ ഉണ്ടായിരുന്നു.
നാലുവർഷം മുമ്പാണ് ഇത്തരം നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞത്.  അതോടെവിദ്യാർഥികള്‍ രാത്രിയുടനീളം കാമ്പസില്‍ കറങ്ങി നടക്കുന്നതിനെതിരെ പലരും പരാതി ഉന്നയിച്ചിരുന്നു. പരാതി വ്യാപകമായതോടെ
ഇത് വിദ്യാർഥികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നായിരുന്നു അധികൃതർ വിശദീകരിച്ചത്.