രാഗത്തിൽ ലയിച്ച് എൻ.ഐ.ടി.

MTV News 0
Share:
MTV News Kerala

മുക്കം: അവിസ്മരണീയം രാഗംഫെസ്റ്റിന്റെ ആദ്യരാവ്. ബോളിവുഡ് ഗായിക നീതി മോഹന്റെ പാട്ടുകൾ ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി. സഹോദരിമാരും പ്രശസ്ത നർത്തകിമാരുമായ ശക്തി മോഹന്റെയും മുക്തി മോഹന്റെയും നൃത്തച്ചുവടുകൾ വിദ്യാർഥികളെ ആവേശത്തിലാക്കി. എൻ.ഐ.ടി.യിലെ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം.

ശാസ്ത്രീയസംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതോപകരണങ്ങൾകൂടി ചേർത്ത് നടത്തിയ ‘സ്വരരാഗം’ സംഗീതമത്സരം ഒന്നാംദിവസത്തെ പ്രധാന ആകർഷണമായി. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ അവതരിപ്പിച്ച രാജന്റെ കഥയും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമായുള്ള അഭിമുഖ സംഭാഷണവും ശ്രദ്ധേയമായിരുന്നു. രാമായണം പ്രമേയമാക്കി ഹരിശ്രീ കണ്ണൻ അവതരിപ്പിച്ച തോൽപ്പാവക്കൂത്ത് വേറിട്ട അനുഭവമായി. രാജൻസ്മാരക ലളിതഗാന മത്സരം, മോണോ ആക്ട്, ഹിന്ദി കവിതാലാപനമത്സരമായ അൽഫാസ്, ഫാഷൻ ഷോ തുടങ്ങിയ മത്സരങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു. ‘മണവാളൻ തഗ്ഗി’ലൂടെ പ്രശസ്തിയാർജിച്ച ഡബ്സീയുടെ സംഗീതപരിപാടിയും നടന്നു. ഡി.ജെ. സ്വാട്രക്സിന്റെ ഡി.ജെ. നൈറ്റും കാണികളെ ആവേശത്തിലാഴ്ത്തി.

വൈവിധ്യമാർന്ന ട്രെൻഡ്‌സെറ്ററുകൾ പ്രദർശിപ്പിച്ച ‘കോഷ്വർ ബൊളിവാർഡ്’ എന്ന ഫാഷൻ ഷോയോടെ രാഗത്തിന്റെ ഒന്നാംദിനത്തിന് തിരശ്ശീലവീണു.

രണ്ടാം ദിനമായ ശനിയാഴ്ചത്തെ മുഖ്യ ആകർഷണം പ്രശസ്ത ബോളിവുഡ് പിന്നണിഗായകൻ ജുബിൻ നൗട്ടിയാൽ നയിക്കുന്ന സംഗീത നിശയാണ്.

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന കലാവിരുതിനെ അടയാളപ്പെടുത്തുന്ന ‘ദ ബുക്ക് ഓഫ് എറ്റേണൽ ഫോക്‌ലോർസ്’ പ്രമേയമാക്കിയാണ് ഈവർഷത്തെ രാഗം അരങ്ങേറുന്നത്. കലോത്സവം, ശില്പശാലകൾ, കൊറിയോനെറ്റ്, ഫ്യൂരി തുടങ്ങിയ കലാ-കായിക പരിപാടികൾ അരങ്ങേറും.