ഇന്റർനെറ്റ് വേണ്ട, ഇനി ഓഫ്‍ലൈൻ ആയും ജി-മെയിൽ ഉപയോഗിക്കാം; എങ്ങനെ?

MTV News 0
Share:
MTV News Kerala

ഏറ്റവും ജനപ്രിയമായ മെയിലിംഗ് സേവനമാണ് ജി-മെയിൽ. കഴിഞ്ഞ വർഷം വരെയുള്ള കണക്കനുസരിച്ച് 1.8 ബില്യണിലധികം ആളുകൾ ജി-മെയിൽ ഉപയോഗിക്കുന്നുണ്ട്. ഇമെയിൽ ക്ലൈന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഗൂഗിൾ ജി-മെയിലിനു സ്വന്തമാണ്. ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഫോണുകളിൽ ജി-മെയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ഇപ്പോൾ ജിമെയിൽ ഓഫ്‌ലൈനായി ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. അതായത്, ഇന്റർനെറ്റ് ഇല്ലെങ്കിലും ഉപയോക്താക്കൾക്ക് അവരുടെ ജി-മെയിൽ സന്ദേശങ്ങൾ വായിക്കാനും അവയോട് പ്രതികരിക്കാനും അവ സേർച്ച് ചെയ്യാനും കഴിയും.

ഗൂ​ഗിൾ ജി-മെയിലിൽ അവതരിപ്പിച്ച ഒരു പ്രധാന സവിശേഷതയാണ് ഇത്. ഇന്റർനെറ്റ് ഇല്ലാത്തതോ കണക്റ്റിവിറ്റി കുറവുള്ളതോ ആയ സ്ഥലങ്ങളിൽ വെച്ചും ഉപയോക്താക്കൾക്ക് ജി-മെയിൽ ഉപയോ​ഗിക്കാനാകും. ജി-മെയിൽ ഓഫ്‌ലൈനായി ഉപയോഗിക്കാനുള്ള സ്റ്റെപ്പുകളും എളുപ്പമാണ്. ലളിതമായ ചില ഘട്ടങ്ങളിലൂടെ ഉപയോക്താക്കൾക്ക് അത് ചെയ്യാൻ കഴിയും. താഴെപ്പറയുന്നവയാണ് ആ ഘട്ടങ്ങൾ.

1. mail.google.com തുറക്കുക. ഗൂഗിൾ ക്രോമിൽ മാത്രമേ ഗൂഗിൾ ഓഫ്‌ലൈൻ പ്രവർത്തിക്കൂ. സാധാരണ മോഡിൽ ബ്രൗസ് ചെയ്യുകയാണെങ്കിൽ മാത്രമേ ഈ ഓഫ്‍ലൈൻ സംവിധാനം ലഭ്യമാകൂ എന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇൻകോഗ്‍നിറ്റോ (Incognito) വിൻഡോയിൽ ഈ ഓഫ്‍ലൈൻ ജി-മെയിൽ പ്രവർത്തിക്കില്ല.

2. ഇൻബോക്‌സ് തുറന്നതിനു ശേഷം, Settings അല്ലെങ്കിൽ Cogwheel ബട്ടണിൽ ക്ലിക്കുചെയ്യുക.

3. See All Settings എന്നതിൽ ക്ലിക്ക് ചെയ്യുക

4. അടുത്ത പേജിൽ Offline ബട്ടണിൽ ക്ലിക്ക് ചെയ്യുക

5. Enable offline mail എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഗൂഗിൾ പുതിയ Settings കാണിക്കും

6. എത്ര ദിവസത്തെ ഇമെയിലുകളാണ് ജി-മെയിലിൽ വേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം

7. നിങ്ങളുടെ കമ്പ്യൂട്ടറിൽ എത്രത്തോളം സ്പേസ് ഉണ്ട് എന്ന കാര്യം ഗൂഗിൾ തന്നെ പറഞ്ഞു തരും. കമ്പ്യൂട്ടറിൽ ഓഫ്‌ലൈൻ ഡാറ്റ സൂക്ഷിക്കുന്നതിനോ കമ്പ്യൂട്ടറിൽ നിന്ന് എല്ലാ ഓഫ്‌ലൈൻ ഡാറ്റയും നീക്കം ചെയ്യുന്നതിനോ ഉള്ള ഓപ്ഷനും കാണിക്കും.

8. ഓഫ്‌ലൈൻ ഡാറ്റ സൂക്ഷിക്കാനോ നീക്കംചെയ്യാനോ ഉള്ള ഓപ്ഷൻ നിങ്ങൾക്കു തിരഞ്ഞെടുത്തുക്കാം. അതിനു ശേഷം Save Changes എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക., നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓഫ്‌ലൈൻ ജി-മെയിൽ ആക്ടിവേറ്റ് ചെയ്യപ്പെടും.

ഓഫ്‌ലൈൻ ആക്‌സസ് എളുപ്പമാക്കാൻ ജി-മെയിൽ ബുക്ക്‌മാർക്ക് ചെയ്യാനും ഗൂഗിൾ നിർദേശിച്ചിട്ടുണ്ട്. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ജി-മെയിൽ ആണ് ഉപയോഗിക്കേണ്ടതെങ്കിൽ ഓഫ്‌ലൈൻ ജി-മെയിൽ ആക്ടിവേറ്റ് ആക്കാൻ അഡ്‌മിനിസ്‌ട്രേറ്ററോട് അനുവാദം തേടേണ്ടതുണ്ട്.

എല്ലാ ജി-മെയിൽ ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ ലഭ്യമായിക്കഴിഞ്ഞു. മുകളിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഓഫ്‌ലൈൻ ജി-മെയിൽ വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കുകയും ചെയ്യാം.