“ഇന്ത്യ’: പ്രതിപക്ഷ പാർടികളുടെ സഖ്യത്തിന് പുതിയ പേര്

MTV News 0
Share:
MTV News Kerala

പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മ‌യ്‌ക്ക് പുതിയ പേര്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (I.N.D.I.A) എന്നാണ് സഖ്യത്തിന്റെ പുതിയ പേര്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിനാണ് ഇന്ത്യ എന്ന പുതിയ പേര് നൽകിയിരിക്കുന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ബം​ഗളൂരുവിൽ നടന്ന രണ്ടാം ദിവസത്തെ പ്രതിപക്ഷ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പേരിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിശാല ഐക്യത്തിന്‌ പുതിയ പേര്‌ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് മുൻ യോ​ഗങ്ങളിൽ തീരുമാനിച്ചിരുന്നു.

പ്രതിപക്ഷത്തെ പ്രധാന 26 രാഷ്‌ട്രീയ കക്ഷികളിലെ 49 നേതാക്കൾ പങ്കെടുത്ത യോഗം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കൾ രാത്രി ഒരുക്കിയ അത്താഴവിരുന്നോടെയാണ്‌ ആരംഭിച്ചത്‌. പ്രതിപക്ഷത്തിന്റെ രണ്ടാം സംയുക്ത യോഗത്തിന്‌ കോൺഗ്രസായിരുന്നു ആതിഥേയർ. ബംഗളൂരു താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായാണ്‌ യോഗം നടന്നത്. പട്‌നയിൽ നടന്ന ആദ്യയോഗത്തിൽ 16 പാർടിയാണ്‌ പങ്കെടുത്തത്‌. പിന്നീട്‌ എട്ട്‌ പാർടികൂടി രംഗത്തെത്തുകയായിരുന്നു.