വിവാദങ്ങള്‍ ആശങ്കയുണ്ടാക്കി; കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് സൂചന നല്‍കി പഴയിടം മോഹനന്‍ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങള്‍ ആശങ്കയുണ്ടാക്കി. നോണ്‍ വെജ് ഭക്ഷണ വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം ആരോപിച്ചു.

കൗമാര കലോത്സവത്തിലെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിയുകയാണ്. ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ കലോത്സവ വേദികളിലെ പാചകത്തിന് ഇനിയുണ്ടാവില്ല.

വ്യക്തിയേയും അയാളുടെ സാഹചര്യങ്ങളേയും ചെളിവാരിയെറിയുകയാണ്. പഴയിടം എന്നത് ഒരു വെജ് ബ്രാന്‍ഡ് തന്നെയാണ്. പുതിയ കാലത്തിന്റെ കലവറകളില്‍ പഴയിടത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മാറിയ സാഹചര്യത്തില്‍ അടുക്കള നിയന്ത്രിക്കുന്നതില്‍ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും പഴയിടം വ്യക്തമാക്കി.

പഴയിടം ഏറ്റവും ഭംഗിയായി ചുമതല നിര്‍വഹിച്ചു: മന്ത്രി

കലോത്സവ ഭക്ഷണ വിവാദത്തില്‍ ഇടപെട്ട് മന്ത്രി ശിവന്‍കുട്ടി. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. പഴയിടം ഏറ്റവും ഭംഗിയായി ചുമതല നിര്‍വഹിച്ചു.

വിപ്ലവ വേഷം അണിയുന്നവരാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.