അബുദാബിയിൽ വിസ പുതുക്കുന്നവർക്കും പുതിയ വിസ എടുക്കുന്നവർക്കും ഇന്ന് മുതൽ പി സി ആർ ഫലം നിർബന്ധം

MTV News 0
Share:
MTV News Kerala

അബുദാബി | പുതിയ റെസിഡൻസി വിസക്ക് അപേക്ഷിക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകർക്കും അവരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം നിർബന്ധമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സീഹ) അറിയിച്ചു. പുതിയ നിയമം ജൂൺ 7 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

എല്ലാ അപേക്ഷകർക്കും അൽ ഹൊസൻ ആപ്ലിക്കേഷനിൽ 72 മണിക്കൂറിനുള്ളിൽ മൂക്കിലൂടെ പരിശോധിച്ച കോവിഡ് -19 നെഗറ്റീവ് ഫലം ഉണ്ടായിരിക്കണമെന്ന് സീഹ അതിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. അബുദാബിയിൽ പൊതു ഓഫീസുകൾ, പരിപാടികൾ, പൊതു സ്ഥലങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് -19 നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരുന്നു.

പ്രതിരോധ കുത്തിവപ്പ് എടുത്തിട്ടില്ലാത്ത ഫെഡറൽ സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരിക്കൽ കോവിഡ് -19 പരിശോധനക്ക് വിധേയമാകണം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദ മേഖലകൾ, ആരോഗ്യ പ്രവർത്തകർ, ടൂർ ഗൈഡുകൾ, ടാക്സി ഡ്രൈവർമാർ എന്നിവരുൾപ്പെടെയുള്ള ദിവസേന നിരവധി ആളുകളുമായി ഇടപഴകുന്നവർ അബുദാബിയിൽ ആനുകാലിക പിസിആർ പരിശോധനകൾക്ക് വിധേയരാകണം.

അബുദാബി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ആനുകാലിക കോവിഡ് -19 പരിശോധനകൾക്ക് വിധേയരാകുന്നതിന് പുറമെ സ്കൂളിൽ പ്രവേശിക്കുന്നതിന് കുട്ടികളുടെ മാതാപിതാക്കളും സന്ദർശകരും ഒരു കോവിഡ് -19 നെഗറ്റീവ് ഫലം കാണിക്കണം