സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ കേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്

MTV News 0
Share:
MTV News Kerala

കോട്ടയം ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ കേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ് ഡി പി ഐ നേതാവും നഗരസഭാ കൗൺസിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡി യിലെടുത്തു.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. പുലര്‍ച്ചെ വരെ റെയ്ഡ് തുടര്‍ന്നു. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതായാണ് അറിവ്. അർധരാത്രിയോടെ കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയഡ് പുലർച്ചെ 5 മണി വരെ നീണ്ടു. പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എ യ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് സ്ഥലത്തെത്തിയത്.

പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരില്‍നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

കൊല്ലത്തും എൻ ഐ എ റെയ്ഡ് നടന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും, ഓഫീസുകളിലുമാണ് റെയ്ഡ്. കേന്ദ്രസേനയുടെയും പോലീസിൻ്റെയും സഹായത്തോടെയാണ് റെയ്ഡ് നടക്കുന്നത്.

കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെ വീട്ടിലും റെയ്ഡ്. പോപ്പുലർ ഫ്രണ്ടിൻ്റെ അധീനതയിലുള്ള കാരുണ്യ ട്രസ്റ്റിലും പരിശോധന. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുകയാണ്. കോഴിക്കോട് മീഞ്ചന്തയിലെ ഓഫീസിലാണ് റെയ്ഡ്. കരുവൻപൊയിൽ മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ വീട്ടിലും പരിശോധന തുടരുകയാ
ണ്.

റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം വന്നിട്ടുണ്ട്. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. എതിര്‍ ശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കണമെന്നും അവര്‍ പറയുന്നു.