ഡിവൈഎഫ്‌ഐ ചെയ്തത് മാതൃകാപരമായ കാര്യം; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി.

MTV News 0
Share:
MTV News Kerala

ഇന്നലെ കണ്ണൂർ പഴയങ്ങാടിയില്‍ ഡി.വൈ.ഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച നടപടിയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.ട്രെയിനിനു മുന്നില്‍ അകപ്പെട്ടവരെ രക്ഷിക്കുന്ന പോലെയാണ് നവകേരള സദസ്സ് ബസിനു മുന്നില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മാറ്റിയത്. അത് മാതൃകാപരമായ പ്രവര്‍ത്തി ആണെന്നും ആ നന്മ തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. പ്രതിഷേധമല്ല ഒരു തരം ആക്രമണമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. ഇതെല്ലാം താൻ ഉള്‍പ്പടെയുള്ളവര്‍ ബസിലിരുന്ന് കാണുന്നുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിച്ചു മാറ്റിയ ശേഷം ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധക്കാരെ ചെയ്തത് എന്തായിരുന്നുവെന്ന ചോദ്യത്തില്‍ മറുപടി  നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ചെടിച്ചെട്ടി വരെ ഉപയോഗിച്ച്‌ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.