കോഴിക്കോട്
അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (-ഇ കെ വിഭാഗം). സലാമിന്റെ പരാമർശത്തിനെതിരായ പരാതി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളോട് ഉന്നയിക്കാനും തീരുമാനിച്ചു. ലീഗ് തുടരുന്ന അധിക്ഷേപം ചർച്ചചെയ്യാൻ ചൊവ്വാഴ്ച കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. മുശാവറയിലെ മുതിർന്ന പണ്ഡിതർ സാദിഖലി തങ്ങളെ കാണും. ലീഗ് നേതാക്കൾ പരസ്യമായി നടത്തുന്ന അധിക്ഷേപത്തിലും പരിഹാസത്തിലും യോഗത്തിൽ കടുത്ത അമർഷമുയർന്നു. കഴിഞ്ഞദിവസം സാദിഖലി നടത്തിയ തല അറിയാതെ വാല് ആടുന്നുവെന്ന പരാമർശവും ചർച്ചയായി. ജിഫ്രി തങ്ങളെയടക്കമുള്ള നേതാക്കൾക്കെതിരെ പരസ്യമായും സമൂഹമാധ്യമങ്ങളിലൂടെയും നടത്തുന്ന തെറ്റായ വിമർശത്തിൽ ഒറ്റക്കെട്ടായ പ്രതികരണം യോഗത്തിലുണ്ടായി.
യോഗത്തിൽ പ്രസിഡന്റ് ജിഫ്രി തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ, എം ടി അബ്ദുല്ല മുസ്ല്യാർ, പി പി ഉമർ മുസ്ല്യാർ കോയ്യോട്, യു എം അബ്ദുറഹ്മാൻ മുസ്ല്യാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ല്യാർ, എം പി കുഞ്ഞുമുഹമ്മദ് മുസ്ല്യാർ, കെ ഉമർ ഫൈസി മുക്കം, എ വി അബ്ദുറഹ്മാൻ മുസ്ല്യാർ തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)