കോഴിക്കോട് : കൊടും ചൂടിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ചൂട് കൂടിയതോടെ റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്
കാലഹരണപ്പെട്ടതും കൂടുതൽ ഉപയോഗിച്ചതുമായ ടയറുകളിൽ ചൂട് കൂടുമ്പോൾ മർദ്ദം കൂടുന്നതിനാൽ അതിവേഗം പൊട്ടിപ്പോകും. അതു കൊണ്ടു തന്നെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കുക. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. ഉയർന്ന ചൂട് മൂലം ടയറുകളിൽ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായ മിക്ക അപകടങ്ങളും വാഹനങ്ങളുടെ ടയറുകൾ പൊട്ടിയാണുണ്ടായതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്
മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന്റെ മരിക്കാനിടയാക്കിയത് മോശമായ ടയറുകളുടെ ഉപയോഗമാണ്. യുവാവിന്റെ ബെെക്കിലെ ടയറുകളിൽ ആവശ്യത്തിന് കാറ്റില്ലാത്തതിനാലാണ് ബ്രേക്ക് പിടിച്ചിട്ടും കിട്ടാതിരുന്നത്. മാത്രമല്ല, ബാലുശ്ശേരിയിൽ കാറ് ബസിലിടിച്ച് അപകടമുണ്ടായതും ഇതേ കാരണത്താലാണ്. കാറിന്റെ ടയറുകൾ പൊട്ടിയാണ് കാർ നിയന്ത്രണം വിട്ട് ബസിലിടിച്ചത്
തേഞ്ഞ ടയറുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ റീസൈക്കിൾ ചെയ്തുവരുന്ന ടയറുകളുടെ ദീർഘകാല ഉപയോഗവും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. മാത്രമല്ല ഇത്തരത്തിൽ ഉപയോഗിച്ച ടയറുകൾ ഗുണനിലവാരമുള്ളതാവില്ലെന്നാണ് പൊലീസും ഗതാഗതവകുപ്പ് പറയുന്നത്
1. യാത്രയ്ക്ക് മുമ്പ് പ്രത്യേകിച്ച്, ദീർഘദൂര യാത്രകൾക്ക് മുമ്പ് ടയറുകളുടെ പ്രവർത്തനക്ഷമത നിർബന്ധമായും പരിശോധിക്കേണ്ടതാണ്
2. ടയറുകളുടെ തകരാറുകൾ കണ്ടെത്താൻ ഡ്രൈവ് ചെയ്യുന്നവർ തന്നെ കൃത്യമായ പരിശോധന നടത്തണം
3. തേയ്മാനം സംഭവിച്ച ടയറുകൾ, കാലപ്പഴക്കമുള്ള ടയറുകൾ എന്നിവ മാറ്റി ഗുണനിലവാരമുള്ള ടയറുകൾ ഇടുക
4.. ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർദ്ധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്റെ തേയ്മാനം കൂടും
5. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം
6. ഓരോ പതിനായിരം കിലോമീറ്ററിലും ടയറുകൾ മാറ്റിയിടണം
7. ടയറുകളുടെ അലൈൻമെന്റ്, ബാലൻസിംഗ് എന്നിവ കൃത്യമായ ഇടവേളകളിൽ ചെയ്യണം
8. വാഹനങ്ങളുടെ ബ്രേക്കിന്റെ കാര്യക്ഷമത, ഓയിൽ മാറ്റാനുള്ള കാലാവധി എന്നിവയ്ക്കുപുറമേ റേഡിയേറ്ററുകളിലെ ദ്രാവകത്തിന്റെ തോതും ചൂടുകാലത്ത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം
9. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ടയറിലെ മർദ്ദം ക്രമപ്പെടുത്തുക
© Copyright - MTV News Kerala 2021
View Comments (0)