സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ ക്യാമ്പിൽ വനിതാ പോലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

MTV News 0
Share:
MTV News Kerala

അരീക്കോട്:മാവോവാദി വേട്ടയ്ക്കായി രൂപവത്കരിച്ച സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്.ഒ.ജി.) അരീക്കോട് ക്യാമ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥനിൽനിന്നുള്ള മാനസികപീഡനമാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

പാലക്കാട് നൂറണി സ്വദേശി എസ്. ഷിഫാന (29) ആണ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അസ്വാഭാവിക ശബ്ദംകേട്ടെത്തിയ വീട്ടുകാർ ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഷിഫാനയും ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ഭർത്താവ് മുഹമ്മദ് ഇല്യാസും യൂണിഫോമിൽ കുഞ്ഞിനൊപ്പം ക്യാമ്പിലെ ഒരു കേന്ദ്രത്തിൽ നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമത്തിൽ വന്നിരുന്നു. ഇത് സുരക്ഷാവീഴ്ചയാണെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മേലുദ്യോഗസ്ഥനായ അസി. കമാൻഡന്റ് കെ.എസ്. അജിത്ത് മെമ്മോ നൽകിയിരുന്നു. അസി. കമാൻഡന്റിന്റെ പെരുമാറ്റത്തിനെതിരേ ഷിഫാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയതാണ് മെമ്മോയ്ക്കുള്ള അടിസ്ഥാന കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

അഞ്ചുവർഷം സർവീസുള്ള ഷിഫാന പ്രസവം കഴിഞ്ഞെത്തിയപ്പോൾ ദേഹം തടിച്ചതും മറ്റും ചൂണ്ടിക്കാട്ടി അജിത്ത് കളിയാക്കിയിരുന്നൂവെന്നും ബന്ധുക്കൾ ആരോപിച്ചു. സുഖമില്ലാത്ത കുഞ്ഞിന് മരുന്നുകൊടുക്കണമെന്ന കാര്യം ഉമ്മയെ ഓർമിപ്പിക്കാനായി ഷിഫാന ഗാർഡ് ഡ്യൂട്ടിയിലായിരിക്കേ മൊബൈൽ ഫോൺ കൈയിൽ കരുതിയതിനും അജിത് ദേഷ്യപ്പെട്ടിരുന്നൂവെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. ഇത്തരം പീഡനങ്ങൾ ഏറിയപ്പോഴാണ് ഡി.ജി.പി.ക്ക് പരാതി നൽകിയത്.