രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കൽ: സ്പീക്കർ ഒഴിഞ്ഞുമാറുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീക്കറെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്ന ആരോപണവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി. കൂടിക്കാഴ്ചയ്ക്ക് ചെന്നപ്പോൾ സെക്രട്ടറി ജനറലിനെ കാണാനാണ് സ്പീക്കർ നിർദേശിച്ചത്. സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫിസ് അവധിയാണെന്ന് മറുപടി ലഭിച്ചു. കത്ത് സ്പീക്കർക്ക് തന്നെ നൽകുന്നതാണ് നല്ലതെന്നും അറിയിച്ചു. തുടർന്ന് കത്ത് ആരുടെയെങ്കിലും കൈവശം കൊടുത്തയയ്ക്കാൻ പറഞ്ഞു. കൊടുത്തയച്ച കത്ത് അണ്ടർ സെക്രട്ടറിയാണ് സ്വീകരിച്ചത്. അദ്ദേഹം അതിൽ ഒപ്പുവച്ചെങ്കിലും സീൽ വയ്ക്കാൻ തയാറായില്ലെന്നും അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.

രാഹുൽ കുറ്റക്കാരനാണെന്ന സൂറത്ത് മജിട്രേട്ട് കോടതിയുടെ വിധി വന്നതിനു പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്സഭ സ്പീക്കറുടെ ഉത്തരവും പുറത്തുവന്നിരുന്നു. രാഹുലിന്റെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്ത നിലയ്ക്ക്, അദ്ദേഹത്തെ എംപിയായി തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കാണിച്ച തിടുക്കം തിരിച്ചെടുക്കാനില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

രാഹുലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഉത്തരവിന്റെ പകർപ്പ് ലഭിച്ചയുടനെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവ് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകാൻ നീക്കം തുടങ്ങിയിരുന്നു. ലോക്സഭ സ്പീക്കർ ആ കത്ത് ലോക്സഭ സെക്രട്ടേറിയറ്റിനു കൈമാറും. ലോക്സഭ സെക്രട്ടേറിയേറ്റിലെ നിയമകാര്യങ്ങൾ നോക്കുന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തിയാൽ രാഹുലിന്റെ അയോഗ്യത നീക്കുന്ന ഉത്തരവ് പുറത്തിറക്കാം. എന്നാൽ പാർലമെന്ററി പാർട്ടി നേതാവിന്റെ കത്ത് സ്പീക്കറും സെക്രട്ടറി ജനറലും തട്ടിക്കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.