രാജസ്ഥാനില്‍ ഗെഹ്ലോട്ട് പക്ഷത്തെ എം എല്‍ എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു.

MTV News 0
Share:
MTV News Kerala

ജയ്പൂര്‍ | രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പക്ഷത്തുള്ള എം എല്‍ എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു. സ്പീക്കര്‍ സി പി ജോഷിയുടെ വസതിയിലെത്തി 82 എം എല്‍ എമാരാണ് രാജി സമര്‍പ്പിച്ചത്.

രാജിക്കത്ത് നല്‍കി അര്‍ധ രാത്രിക്ക് ശേഷമാണ് ഇവര്‍ സ്പീക്കറുടെ വസതി വിട്ടത്. സമവായ ചര്‍ച്ചകള്‍ക്ക് വേണ്ടി കേന്ദ്ര നിരീക്ഷകരായ അജയ് മാക്കനെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഹൈക്കമാന്‍ഡ് രാജസ്ഥാനിലേക്ക് അയച്ചിരുന്നു. ഇവര്‍ എം എല്‍ എമാരുടെ പ്രതിനിധികളായ ശാന്തി ധാരിവാള്‍, പ്രതാപ് സിംഗ് എന്നിവരുമായി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് ചര്‍ച്ച നടത്തി.

തുടര്‍ന്ന് ഇവര്‍ നാല് പേരും അര്‍ധ രാത്രി സ്പീക്കറുടെ വസതിയിലെത്തി. ഓരോ എം എല്‍ എയെയും കണ്ട് സംസാരിക്കാനാണ് സോണിയാ ഗാന്ധി കേന്ദ്ര പ്രതിനിധികളോട് പറഞ്ഞത്. കാര്യങ്ങള്‍ തന്റെ കൈയിലല്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. എം എല്‍ എമാര്‍ കൂട്ടത്തോടെ രാജിവെച്ചാല്‍ സര്‍ക്കാര്‍ വീഴും. ഇവര്‍ രാജിവെച്ചാല്‍ നിയമസഭയുടെ അംഗസംഖ്യ 108 ആയി ചുരുങ്ങും. അപ്പോള്‍ 55 ആകും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. ബി ജെ പിക്ക് 70 എം എല്‍ എമാരുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്ന വേളയിലാണ് എം എൽ എമാർ ഭീഷണി മുഴക്കിയത്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയുന്നതിനായി ഗെലോട്ട് അനുകൂലികള്‍ നേരത്തേ യോഗം ചേര്‍ന്നിരുന്നു. ഗെലോട്ടിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു യോഗം. മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തുന്നതിനാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇതിനെ തടയിടുന്നതിനുള്ള നീക്കങ്ങള്‍ അവസാനവട്ടവും ഗെലോട്ട് പക്ഷത്ത് നടന്നു.