നോട്ടുകൾ മാറാൻ പ്രത്യേക ഫോമുകളോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ലെന്ന് എസ്‌ബിഐ

MTV News 0
Share:
MTV News Kerala

2000 രൂപയുടെ നോട്ടുകൾ മാറാൻ പ്രത്യേക ഫോമുകളുടെ ആവശ്യമില്ലെന്ന് എസ്‌ബിഐ അറിയിച്ചു. നോട്ടുകൾ മാറിയെടുക്കാൻ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടതില്ലെന്നും എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകൾ മാറിയെടുക്കുന്നതു സംബന്ധിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് പൊതുജനങ്ങൾക്ക് നിർദേശവുമായി എസ്‌ബിഐ എത്തിയത്. 2000 രൂപയുടെ നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻമേലാണ് എസ്‌ബിഐയുടെ വിശദീകരണം.

കഴിഞ്ഞദിവസമാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചത്. നിലവിൽ കൈയിലുള്ള നോട്ടുകൾക്ക് മൂല്യമുണ്ടാകും. എന്നാൽ സെപ്‌തംബർ മുപ്പതിനകം ഇവ മാറ്റിയെടുക്കണം. മെയ് 23 മുതൽ ഇതിനുള്ള സൗകര്യമൊരുക്കും. ആർബിഐയുടെ 19 പ്രാദേശിക ഓഫിസുകളിലും മറ്റു ബാങ്കുകളിലും രൂപ മാറ്റിവാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാം. നോട്ട് മാറ്റിവാങ്ങുന്നതിന് ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. ഏത് ബാങ്ക് ശാഖയിലും മാറ്റിവാങ്ങാം. നോട്ടുകൾ മാറ്റിവാങ്ങാൻ ഫീസൊന്നും നൽകേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ (20,000) വരെ ഒരേസമയം മാറ്റിയെടുക്കാൻ സാധിക്കും