മേഘമലയിലെ ഉള്‍ക്കാടുകളിലായിരുന്ന അരിക്കൊമ്ബൻ പെരിയാര്‍ കടുവാസങ്കേതത്തില്‍ തിരികെയെത്തിയതായി വനംവകുപ്പ്.
ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്ബൻ തിരിച്ചെത്തി. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്ബൻ ഉള്ളത്. നാലുദിവസം മുൻപാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്ബൻ തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
അരിക്കൊമ്ബന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
പെരിയാര്‍ അതിര്‍ത്തിവിട്ട് മേഘമല റേഞ്ചിലേക്ക് കാട്ടാന കടക്കാത്തത് ഇരുസംസ്ഥാനത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം കൊമ്ബൻ ഇപ്പോള്‍ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
© Copyright - MTV News Kerala 2021
View Comments (0)