മലബാർ റിവർ ഫെസ്റ്റിവൽ: അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം.

MTV News 0
Share:
MTV News Kerala

കോടഞ്ചേരി:-
ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് പുലിക്കയത്ത് കയാക്രോസ്  അമേച്വർ മത്സരത്തോടെ  തുടക്കം.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന “മലബാർ പുഴയുത്സവ’ത്തിന്റെ  ഭാഗമായ ചാമ്പ്യൻഷിപ്പ്  വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മന്ത്രി  വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ചാലിപ്പുഴയിൽ മത്സരങ്ങൾ ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായി സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ വിഭാഗങ്ങളിലാണ് മത്സരം. വെള്ളിയാഴ്‌ച സ്ലാലോം വിഭാഗം  മത്സരങ്ങളാണ് നടന്നത്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നൈന അധികാരി, എലിസബത്ത് വിൻസന്റ്‌, മുൻ വർഷത്തെ ചാമ്പ്യൻ അമിത് താപ്പ എന്നിവരും യുഎസ്എ, ഇസ്രയേൽ, യുകെ, സൗത്താഫ്രിക്ക, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള കയാക്കർമാരും മത്സരത്തിൽ പങ്കെടുക്കുന്നു.

കായികമന്ത്രിയെ പുലിക്കയം പാലത്തിന് സമീപത്തുനിന്ന്‌  വാദ്യ മേളഘോഷങ്ങളുടെ അകമ്പടിയോടെയാണ്‌ സ്വീകരിച്ചാനയിച്ചത്‌.  ലിന്റോ ജോസഫ് എംഎൽഎ  അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ  അലക്സ് തോമസ് ചെമ്പകശ്ശേരി,  മേഴ്സി പുളിക്കാട്ട്, കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്,  ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.  കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്  സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ്‌ ഷൈൻ നന്ദിയും പറഞ്ഞു.